ലക്‌നൗ:  ഇന്ത്യന്‍ ഗുസ്തി താരം നിഷ ദഹിയ ആയിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഹരിയാനയിലെ സോനപതില്‍ നിഷ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും സുരക്ഷിതയാണെന്നും വ്യക്തമാക്കി താരം രംഗത്തെത്തുകയും ചെയ്തു.

ആ സമയത്ത് ഉത്തര്‍ പ്രദേശില്‍ ദേശീയ ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിഷ. ഇതിന് പിന്നാലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിഷ സ്വര്‍ണ മെഡല്‍ നേടി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

65 കിലോഗ്രാം വിഭാഗത്തിലാണ് 23-കാരി സ്വര്‍ണം കഴുത്തിലണിഞ്ഞത്. ഫൈനലില്‍ പഞ്ചാബിന്റെ ജസ്പ്രീത് കൗറിനെ 30 സെക്കന്റിനുള്ളില്‍ നിഷ മലര്‍ത്തിയടിച്ചു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിഷയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ മെഡലാണിത്.

'ദേശീയ ചാമ്പ്യന്‍ഷിപ്പിലെ എന്റെ യാത്രക്ക് ഏറ്റവും മികച്ച പരിസമാപ്തി വന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇന്നലെ ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നുപോയത്. രാത്രി ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതെല്ലാം അതിജീവിച്ച് മെഡല്‍ നേടാനായി',  മത്സരശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് നിഷ പ്രതികരിച്ചു. 

ഗുസ്തിയില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ വിജയിയായ നിഷ ദഹിയ എന്ന താരമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹലാല്‍പുരിലുള്ള സുശീല്‍ കുമാര്‍ അക്കാദമിയിലാണ് നിഷ ദഹിയയേയും സഹോദരന്‍ സൂരജിനേയും നിഷയുടെ പരിശീലകന്‍ പവന്‍ കുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടത് ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ നിഷ ദഹിയ  ആണെന്ന് മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. പേരിലെ സാമ്യം കാരണമാണ് മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റിയത്. ഇതിന് പിന്നാലെ താന്‍ ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതയാണെന്നും വ്യക്തമാക്കി നിഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

നേരത്തെ സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍-23 ലോക ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ നിഷ വെങ്കലം നേടിയിരുന്നു. 2014-ല്‍ ശ്രീനഗറില്‍ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് നിഷ ശ്രദ്ധാകേന്ദ്രമാകുന്നത്. അതേവര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടി ആദ്യ അന്താരാഷ്ട്ര മെഡല്‍ കഴുത്തിലണിഞ്ഞു. അടുത്ത വര്‍ഷം നേട്ടം വെള്ളിയിലെത്തി. 2015-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ ഈ നേട്ടത്തിന് ശേഷം താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിച്ച മെലഡോനിയം ഉപയോഗിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നാല് വര്‍ഷത്തെ വിലക്ക് നേരിട്ടു. അതിനുശേഷം 2019ല്‍ അണ്ടര്‍-23 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഗുസ്തിക്കളത്തിലേക്ക് തിരിച്ചെത്തി.

Content Highlights: Nisha Dahiya Becomes National Champion a Day After Identity Confusion With Killed Namesake Wrestler