ചെസ്സില്‍ ഇന്ത്യക്കും കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് ശനിയാഴ്ച നിഹാല്‍ സരിന് എന്ന കൗമാരതാരം സമ്പാദിച്ചത്. സ്വീഡനിലെ മല്‍മോയില്‍ നടക്കുന്ന സീഗ്മന് ആന്‍ഡ് കോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സമനിലകള്‍ സമ്പാദിച്ച നിഹാല്‍ 2600 എന്ന ഈലോ റേറ്റിങ്ങില്‍ എത്തി. 14 വയസ്സും 10 മാസവും പ്രായമുള്ള ഈ തൃശ്ശൂരുകാരന് ഈ റേറ്റിങ്ങില്‍ എത്തുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരനും ലോകത്ത് പ്രായംകുറഞ്ഞ രണ്ടാമനുമായി.
ചെസ്സ് കളിക്കാരുടെ നിലവാരം അളക്കാനുള്ള ശാസ്ത്രീയ അളവുകോലാണ് ഈലോ റേറ്റിങ്. അര്പഡ് എമെറിക് ഈലോ എന്ന ഹംഗേറിയന്‍ വംശജനായ ഭൗതിക ശാസ്ത്രജ്ഞനാണ് ഈ ഗണിതരീതി കണ്ടെത്തിയത്. ക്രിക്കറ്റില്‍ ഡക്വര്‍ത്ത് ലൂയിസ് സമ്പ്രദായം എന്നപോലെ അല്പം സങ്കീര്‍ണമായ കണക്കുകൂട്ടല്‍ ഈലോ റേറ്റിങ്ങിലും ഉണ്ട്.
2400 റേറ്റിങ്ങുള്ള കളിക്കാരന് 2600 റേറ്റിങ്ങുള്ളയാളുമായി സമനില നേടിയാലും 2600 റേറ്റിങ്ങുള്ളയാള് രണ്ടാമന് രണ്ട് മൂന്ന് പോയന്റെങ്കിലും കൊടുക്കേണ്ടിവരും. മത്സരത്തില്‍ 2400കാരന് ജയിച്ചാല്‍ 2600കാരനില്‍നിന്ന് ഏറെ പോയന്റുകള്‍ കിട്ടും. ഇങ്ങനെ, കളിക്കാരുടെ റേറ്റിങ് അനുസരിച്ച് ഓരോ ഗെയിമിനും പോയന്റുകളില്‍ വ്യത്യാസമുണ്ടാകും.
നിഹാലിന്റെ റേറ്റിങ് 2600 എത്തിയതിനേക്കാള്‍ പ്രധാനം ഇത്ര ചെറുപ്പത്തില്‍ ആ നേട്ടം കൈവരിച്ചതിലാണ്. ഈ മികവ് രണ്ടുവര്‍ഷംകൂടി തുടര്‍ന്നാല്‍ ലോകത്തെ മികച്ച ഗ്രാന്റ് മാസ്റ്റര്‍മാരുടെ നിലവാരമായ 2700 റേറ്റിങ്ങിലെത്താന് നിഹാലിന് കഴിയും. ഈ പ്രായത്തില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്സന് അടക്കമുള്ളവരുടെ അതേ പുരോഗതിയുണ്ട് നിഹാലിന്.
ഇപ്പോള്‍ 116 ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ 2700 റേറ്റിങ്ങിലെത്തിയവരാണ്. നിഹാലിന്റെ ഇനിയുള്ള മുഖ്യ കടമ്പ 2750നുമുകളില്‍, സൂപ്പര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ തലത്തില്‍ എത്താനുള്ള പരിശീലനം നേടുകയാണ്. അത്തരം പരിശീലകര്‍ ഇന്ത്യയില്‍ കുറവാണ്. വിദേശത്തുള്ള ഇത്തരം വിദഗ്ധ പരിശീലനം ഏറെ പണച്ചെലവുള്ള കാര്യവുമാണ്. ഇന്ത്യയിലെ ചെസ് സംഘടനകളും സര്‍ക്കാരും കണ്ണുതുറക്കേണ്ട സമയം ഇതാണ്.
Content Highlights: Nihal Sarin from Kerala becomes youngest Indian to cross 2600 rating