എന്‍.ബി.എ. ബാസ്‌കറ്റ് ബോള്‍ ലീഗില്‍ ലോസ് ആഞ്ജലീസ് ലേക്കേഴ്സ് ചരിത്ര നേട്ടത്തിനരികെ. ശനിയാഴ്ച നടക്കുന്ന അഞ്ചാം ഫൈനലില്‍ മയാമി ഹീറ്റിനെ തോല്‍പ്പിച്ചാല്‍, ഏറ്റവും കൂടുതല്‍ എന്‍.ബി.എ. കിരീടം എന്ന റെക്കോഡിനൊപ്പമെത്തും ലേക്കേഴ്സ്. ശനിയാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 6.30-നാണ് അഞ്ചാം ഫൈനല്‍.
ആദ്യ നാല് ഫൈനലില്‍ ലേക്കേഴ്സിന് ലീഡുണ്ട് (3-1). ആകെ ഏഴ് ഫൈനലുകളുണ്ട്. അഞ്ചാം ഫൈനലില്‍ ലേക്കേഴ്സ് ജയിച്ചാല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാകും. പതിനേഴാം കിരീടമാണ് ലേക്കേഴ്സിന്റെ ലക്ഷ്യം. ബോസ്റ്റണ്‍ സെല്‍റ്റിക്‌സ് മാത്രമാണ് മുമ്പ് 17 കിരീടം നേടിയിട്ടുള്ളത്.
ഫൈനല്‍
ആദ്യത്തെ രണ്ട് ഫൈനലുകളിലും അനായാസമായായിരുന്നു ലേക്കേഴ്‌സിന്റെ ജയം. മൂന്നാം ഫൈനലില്‍ മയാമി തിരിച്ചുവന്നു. നാലാം ഫൈനല്‍ ജയിച്ച് ലേക്കേഴ്സ് കിരീടത്തോടടുത്തു. ശനിയാഴ്ച മയാമി ജയിച്ചാല്‍ ആറാം മത്സരത്തിലേക്ക് നീളും. അതിലും മയാമി ജയിച്ചാല്‍ ചാമ്പ്യനെ അറിയാന്‍ ഏഴാം ഫൈനല്‍ വരെ കാത്തിരിക്കണം.
ഈസ്റ്റേണ്‍ കോണ്‍ഫറന്‍സിലെ ചാമ്പ്യന്മാരായാണ് മയാമിയുടെ ഫൈനല്‍ പ്രവേശനം. വെസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍നിന്നാണ് ലേക്കേഴ്സിന്റെ വരവ്. കോണ്‍ഫറന്‍സ് ഫൈനലില്‍ മയാമി, ബോസ്റ്റണ്‍ സെല്‍റ്റിക്‌സിനെയും (4-2) ലേക്കേഴ്സ് (4-1) ഡെന്‍വര്‍ നഗറ്റ്സിനെയും തോല്‍പ്പിച്ചു.
ലെബ്രോണ്‍ ജെയിംസ്, ആന്റണി ഡേവിസ് എന്നിവരുടെ മികവിലാണ് ലേക്കേഴ്സിന്റെ മുന്നേറ്റം. ഡാനി ഗ്രീന്‍, ഡ്വെയ്റ്റ് ഹൊവാര്‍ഡ് എന്നിവരും അവസരത്തിനൊത്ത് ഉയര്‍ന്നു. ജിമ്മി ബട്ലറാണ് മയാമി ഹീറ്റിന്റെ കുന്തമുന.
ലെബ്രോണ്‍ ജെയിംസിന് പത്താം ഫൈനല്‍
ലേക്കേഴ്സിന്റെ സൂപ്പര്‍താരം ലെബ്രോണ്‍ ജെയിംസിന് ഇത് പത്താം ഫൈനല്‍. ബില്ലി റസല്‍, സാം ജോണ്‍സ്, കരീം അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് മുമ്പ് 10 എന്‍.ബി.എ. ഫൈനല്‍ കളിച്ചത്. സീസണില്‍ മികച്ച ഫോമിലുള്ള ലെബ്രോണ്‍ വിലകൂടിയ താരമാകുമെന്നാണ് (എം.വി.പി.) പ്രവചനങ്ങള്‍.
Content Highlights: NBA Finals The Los Angeles Lakers eye record title