
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
മാസ്‌ക്ക് ധരിച്ച് ഒസാക്ക യു.എസ് ഓപ്പണിനെത്തുന്നു| Photo: twitter.com|usopen
നവോമി ഒസാക്കയെന്ന ജപ്പാനീസ് ടെന്നീസ് താരം ഒരു നാണംകുണുങ്ങിയായ പെൺകുട്ടിയല്ല, വംശയീക്കെതിരെ ഉറച്ച നിലപാടുകളുള്ള കരുത്തുറ്റ പെൺകുട്ടിയാണ്. 2018-ൽ സെറീന വില്ല്യംസിനെ അട്ടിമറിച്ച് യു.എസ് ഓപ്പൺ കിരീടം നേടി ലോകശ്രദ്ധയാകർഷിച്ച പെൺകുട്ടി. എന്നാൽ പിന്നീടിങ്ങോട്ട് കളിക്കൊപ്പം തന്റെ നിലപാടുകളും വ്യക്തമാക്കി മുന്നേറുന്ന 22-കാരിയെയാണ് കായികലോകം കണ്ടത്.
ഒരിക്കൽ ഒസാക്ക പങ്കെടുത്ത ഒരു ജപ്പാനീസ് ടിവി ഷോയ്ക്കിടെ അവതാരകൻ നടത്തിയ പരാമർശം താരത്തെ മുറിപ്പെടുത്തി. 'നവോമി കറുത്തു കരുവാളിച്ചുപോയി, വെളുപ്പിച്ചെടുക്കണം' എന്നായിരുന്നു ആ അവതാരകന്റെ പരാമർശം. ജപ്പാനിൽ നിന്നുള്ള സിനിമകളിൽ കാണുന്ന നായികമാരുടെ വെളുപ്പോ ഭംഗിയോ ഒസാകയ്ക്ക് ഇല്ല എന്നതായിരുന്നു ഈ പരാമർശത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഇറുകിയ കണ്ണുകളും ഇരുനിറവുമുള്ള ഒസാക്കയുടെ അച്ഛൻ വരുന്നത് ഹെയ്ത്തിയിൽ നിന്നാണ്. അമ്മ ജപ്പാനിൽ വേരുകളുള്ളവളും. മൂന്നാം വയസ്സുമുതൽ ഒസാക്ക അമേരിക്കയിലാണ് സ്ഥിരതാമസം.
ഏതായാലും അവതാരകന്റെ ഈ പരാമർശത്തിനെതിരേ പ്രതിഷേധം അണപൊട്ടി. ഒടുവിൽ അവതാരകന് മാപ്പ് പറയേണ്ടി വന്നു. അവിടെ നിന്ന് തുടങ്ങിയതാണ് വർണവിവേചനത്തിനും വംശീയാധിക്ഷേപങ്ങൾക്കുമെതിരേ ഒസാക്കയുടെ പ്രതിഷേധം. യു.എസ് ഓപ്പണിൽ റാക്കറ്റെടുക്കും മുമ്പ് ന്യൂയോർക്കിൽ നടന്ന വൈസ്റ്റേൺ ആന്റ് സതേൺ ടെന്നീസ ടൂർണമെന്റിന്റെ സെമി ഫൈനലിൽ നിന്ന് പിന്മാറി ഒസാക്ക കായികലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. അമേരിക്കയിലെ കെനോഷയിൽ ജേക്കബ് ബ്ലെയ്ക്ക് എന്ന കറുത്ത വർഗക്കാരനായ യുവാവിനെ മൂന്നു മക്കളുടെ മുന്നിൽവച്ച് പോലീസ് വെടിവെച്ച് വീഴ്ത്തിയതായിരുന്നു ഒസാക്കയുടെ പ്രതിഷേധത്തിന് പിന്നിൽ. ഒസാക്ക പിന്മാറിയതോടെ ടൂർണമെന്റ് തത്‌ക്കാലം നിർത്തിവെച്ചു. എന്നാൽ സംഘാടകരുടെ നിസ്സഹായതകണ്ട് ഒസാക്ക തിരിച്ചുവന്നു. 'ഒരു കായികതാരം എന്നതിലുപരി ഞാനൊരു കറുത്ത വർഗക്കാരിയാണ്. ഞാൻ കളിക്കാതിരുന്നാൽ വലിയ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. എന്നാൽ വെളുത്ത വർഗക്കാർക്ക് ആധിപത്യമുള്ള സ്പോർട്സിൽ എന്റെ പിന്മാറ്റം ചർച്ചയായാൽ അത് ശരിയായ വഴിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' അന്ന് ഒസാക്കയുടെ വാക്കുകൾ ലോകമെങ്ങും ചർച്ചയായി.
ഇതിന് പിന്നാലെ യു.എസ് ഓപ്പണിന്റെ വേദിയിലും ഒസാക്ക തന്റെ വേറിട്ട ശബ്ദം കേൾപ്പിച്ചു.ഫൈനൽ വരെ നീണ്ടുനിന്ന ഏഴു മത്സരങ്ങളിൽ ഓരോ ദിവസവും മാസ്കിൽ ഓരോ പേര് എഴുതിയാണ് ഒസാക്ക പ്രത്യക്ഷപ്പെട്ടത്. വംശീയ വിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴു പേരുടെ പേരുകളായിരുന്നു ആ മാസ്ക്കിൽ. മത്സരത്തിന് കോർട്ടിലേക്ക് എത്തുമ്പോഴും മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ആ മാസ്ക്ക് മുഖത്തുണ്ടാകും.
2014-ൽ യു.എസിലെ ഒഹായോയിൽ പോലീസിന്റെ വെടിയേറ്റുമരിച്ച 12 വയസ്സുകാരൻ തമിർ റൈസിന്റെ പേരെഴുതിയ മാസ്ക് അണിഞ്ഞാണ് അസരങ്കയ്ക്കെതിരായ ഫൈനലിന് ഒസാക്ക എത്തിയത്. ജോർജ് ഫ്ളോയിഡും ബ്രെയോണ ടൈലറും ഒസാക്കയുടെ മാസ്ക്കിലുണ്ടായിരുന്നു. സെമിഫൈനലിന് ശേഷം അവരുടെ അമ്മമാരിൽ ചിലർ ഒസാക്കയ്ക്ക് നന്ദി പറഞ്ഞു. അസരങ്കയെ തോൽപ്പിച്ച് കിരീടം നേടിയതിന് പിന്നാലെ 'നിങ്ങൾ ഇതുകൊണ്ട് എന്തു സന്ദേശമാണ് നൽകുന്നത്?' എന്ന ചോദ്യം ഒസാക്ക നേരിട്ടു. 'എന്ത് സന്ദേശമാണ് നിങ്ങൾക്ക് ലഭിച്ചത്?' എന്നായിരുന്നു ഇതിനുള്ള ഒസാക്കയുടെ മറുപടി.
സാമൂഹിക നീതിക്കുവേണ്ടി പൊരുതിയ ബാസ്ക്കറ്റ്ബോൾ താരങ്ങളായ ലെബ്രോൺ ജെയിംസും കോബി ബ്രയാന്റുമാണ് നവോമിയെ പ്രചോദിപ്പിക്കുന്നത്. കോബി ബ്രയാന്റിന്റെ ജഴ്സി അണിഞ്ഞാണ് യു.എസ് ഓപ്പൺ കിരീടനേട്ടത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിന് ഒസാക്ക എത്തിയത്. അവിടെയും താരം വേറിട്ടുനിന്നു. ഈ പ്രതിഷേധം ഇനിയും ഇതുപോലെ മുന്നോട്ടുപോകുമെന്ന് തന്നെയാണ് താരം ഇതിലൂടെ വ്യക്തമാക്കുന്നത്. ഒരു വിവാദങ്ങളിലും ഉൾപ്പെടാതെ, വളരെ സുരക്ഷിതയായി അവർക്ക് വേണമെങ്കിൽ മുന്നോട്ടുപോകാമായിരുന്നു. എന്നാൽ അവർ തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. 'പ്രശസ്തി വന്നുചേർന്നതാണ്. ഞാനത് കാര്യമാക്കുന്നില്ല. എന്റെ ലക്ഷ്യം ടെന്നീസിലൂടെയുള്ള സാമൂഹികമുന്നേറ്റമാണ്.' ഇതിനെല്ലാം ഒസാക്കയുടെ ഉളളിൽ ഉത്തരമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..