സാന്‍ മരിനോ: ഇറ്റലിയിലെ സാന്‍ മരിനോയില്‍ നടന്ന മോട്ടോ റ്റു റേസിനിടെ നാടകീയ സംഭവങ്ങള്‍. ഞായറാഴ്ച്ച നടന്ന റേസില്‍ റൊമാനോ ഫെനാറ്റിയെന്ന റൈഡര്‍ എതിരാളിയായ സ്റ്റെഫാനോ മാന്‍സിയുടെ ബൈക്കിന്റെ ബ്രേക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ഫെനാറ്റിയെ രണ്ട് റേസുകളില്‍ നിന്ന് മോട്ടോ ജിപി അധികൃതര്‍ വിലക്കി.
220 കിലോമീറ്റര്‍ വേഗതയില്‍ പോകുന്നതിനിടയിലാണ് മാന്‍സിയുടെ ബൈക്കിന്റെ ഫ്രണ്ട് ബ്രേക്ക് ഫെനാറ്റി കൈകൊണ്ട് പിടിച്ചത്. ഇതിന്റെ വീഡിയോ പരിശോധിച്ച ഉടനെ ഫെനാറ്റിയെ റേസില്‍ നിനന്ന് പുറത്താക്കി. അപ്പോഴേക്കും 23 ലാപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.
അപ്രതീക്ഷിത നീക്കത്തില്‍ മാന്‍സിയുടെ ബൈക്കൊന്ന് പാളിയെങ്കിലും മനസാന്നിധ്യം വിടാതെ നിയന്ത്രണം വീണ്ടെടുത്ത താരം റേസ് പൂര്‍ത്തിയാക്കി. ഈ സംഭവത്തിന് തൊട്ടുമുമ്പ് ഫെനാറ്റിയുടെയും മാന്‍സിയുടെയും ബൈക്കുകള്‍ തമ്മില്‍ ട്രാക്കില്‍വച്ച് ഉരസിയിരുന്നു.
വിലക്ക് ലഭിച്ചതോടെ സെപ്റ്റംബര്‍ 23ന് നടക്കുന്ന സ്പെയ്നിലെ അരോഗണ് ഗ്രാന്‍ പ്രീയും ഒക്ട്ബോര്‍ ഏഴിന് നടക്കുന്ന തായ്ലന്ഡ് ഓപ്പണും ഫെനാറ്റിയ്ക്ക് നഷ്ടപ്പെടും. അതോടൊപ്പം ഫെനാറ്റിയുടെ ടീമും താരത്തെ പുറത്താക്കി. ഇത്തരത്തിലുള്ള നടപടി പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഇറ്റാലിയന്‍ റൈഡറുടെ ടീം വ്യക്തമാക്കി. അതേസമയം തന്റെ പ്രവൃത്തിയില്‍ ഫെനാറ്റി പിന്നീട് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമാവട്ടെയെന്ന് ഫെനാറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Moto2 Rider Banned After Grabbing Rival's Brake While Racing At 220kph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..