സുൽത്താൻ ഖാൻ മത്സരത്തിനിടെ (ഫയൽ ചിത്രം)
ചെന്നൈ: മീര്‍ സുല്‍ത്താന്‍ ഖാന് -ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ലോകചെസില്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് വന്‍ മരങ്ങളെ കടപുഴക്കിയ മഹാപ്രതിഭ. പഴയ പഞ്ചാബില്‍ സര് ഹയാത്ത് അലിഖാന് എന്ന പ്രഭുവിന്റെ സേവകനായിരുന്നു അദ്ദേഹം. സുല്‍ത്താന്‍ ഖാന്റെ അസാമാന്യകഴിവുകള്‍ തിരിച്ചറിഞ്ഞ സഹൃദയനും മഹാമനസ്കനുമായ ഹയാത്ത് അലി കളി പരിപോഷിപ്പിക്കുന്നതിനായി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്കയച്ചു. പിന്നീടുള്ള നാലുവര്ഷങ്ങളില് താരതമ്യേന നിരക്ഷരനും അപരിഷ്കൃതനുമായ ഈ നാട്ടുമ്പുറത്തുകാരന് 64 കളങ്ങളില്‍ യൂറോപ്പില്‍ അതിശയകരമായ ചരിത്രം രചിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവുംശക്തമായ ചെസ് ടൂര്‍ണമെന്റായ ബ്രിട്ടീഷ് ചെസ് ചാമ്പ്യന്‍ഷിപ്പ് അദ്ദേഹം മൂന്നുതവണ നേടി. അജയ്യനെന്നുകരുതിയ ചെസ് ഇതിഹാസം, ലോകചാമ്പ്യന് കാപ്പബ്ലാങ്കയെ അദ്ദേഹം പരാജയപ്പെടുത്തി. മൂന്ന് ലോക ചെസ് ഒളിമ്പ്യാഡുകളില്‍ ഈ ഭാരതീയന് ബ്രിട്ടനെ പ്രതിനിധാനംചെയ്തു. ഹാംബെര്‍ഗ് (1930), പ്രാഗ് (1931), ഫോക്കസ്റ്റോണ് (1933) എന്നീ ഒളിമ്പ്യാഡുകളിലായിരുന്നു അത്.
1932-ല്‍ ഹയാത്ത് അലിഖാന്റെ വീട്ടിലെ സേവകയായിരുന്ന ഇന്ത്യന്‍വംശജ ഫാത്തിമ എന്ന പെണ്‍കുട്ടി ബ്രിട്ടീഷ് വനിതാചാമ്പ്യന്ഷിപ്പില് ജേതാവായി എന്നതും പലപ്പോഴും ചെസ് ചരിത്രങ്ങളില്‍ വിസ്മരിക്കപ്പെടുന്ന ഒരു നാഴികക്കല്ലാണ്.
മഹാനായ സുല്‍ത്താന്‍ ഖാന്റെ പിന്മുറക്കാര് മഹാബലിപുരത്തെ ചെസ് ഒളിമ്പ്യാഡിലും വന്നെത്തിയിട്ടുണ്ട്.
ഈ ഒളിമ്പ്യാഡില്‍ ഇന്ത്യന്‍വംശജരായ ഒട്ടേറെ കളിക്കാര്‍ വിവിധ രാഷ്ട്രങ്ങളെ പ്രതിനിധാനംചെയ്ത് മത്സരിക്കുന്നു. ഇന്ത്യ സ്വന്തമായി 30 കളിക്കാരെ ഗോദയിലിറക്കിയിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്പ്പെടുന്ന രാജ്യങ്ങളായ നേപ്പാള്‍, മ്യാന്മാര്, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങള്‍ക്കായി അനേകം ഇന്ത്യന്‍ വംശജര്‍ കളിക്കുന്നുണ്ട്. ഇതിനെല്ലാംപുറമേ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ പല രാഷ്ട്രങ്ങള്‍ക്കും വേണ്ടി ഇന്ത്യന്‍ വംശജര്‍ പോരാട്ടം നടത്തുന്നു. ചതുരംഗത്തിന്റെ മണ്ണില്‍ വലിയൊരു പാരമ്പര്യത്തിന്റെ അദൃശ്യകണ്ണികള്‍ അവരെ തമ്മില്‍ ബന്ധിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..