Photo: AFP
1928 മുതല്‍ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഈ സീസണില്‍ വിജയിയായി മാക്‌സ് വെസ്റ്റപ്പന്‍. രണ്ടാം സ്ഥാനത്ത് ഹാമില്‍ട്ടണും (മെഴ്സിഡസ് ) മൂന്നാം സ്ഥാനത്ത് അലോന്‍സോയുമാണ് ( ആസ്റ്റണ്‍ മാര്‍ട്ടിന്‍ ) റേസ് അവസാനിപ്പിച്ചത്. ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ പട്ടികയില്‍ 61 പോയിന്റോടെ, സഹതാരമായ സെര്‍ജിയോ പെരസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്നിലാക്കി വെസ്റ്റപ്പന്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. കണ്‍സ്ട്രക്ടര്‍സ് റാങ്കിങ്ങില്‍ റെഡ്ബുള്‍ 123 പോയിന്റോടെ വിജയക്കുതിപ്പ് തുടരുന്നു.
മൂന്നു റെഡ് ഫ്‌ളാഗുകള്‍, റീസ്റ്റാര്‍ട്ടിലെ കൂട്ടിയിടികള്‍, ടൈം പെനാല്‍റ്റികള്‍... സംഭവബഹുലമായിരുന്നു ആല്‍ബര്‍ട്ട് പാര്‍ക്കിലെ റേസ് ദിനം. എയര്‍ട്ടന്‍ സെന്നക്കൊപ്പം എത്തുന്ന എണ്‍പതാം പോഡിയം എന്ന റെക്കോര്‍ഡുമായി വെസ്റ്റപ്പന്‍ തലയുയര്‍ത്തി നിന്ന ദിനം മറ്റു പലര്‍ക്കും ഭാഗ്യക്കേടിന്റേതായിരുന്നു. ആദ്യ ലാപ്പില്‍ തന്നെ ലാന്‍സ് സ്‌ട്രോളിന്റെ കാറുമായി കൂട്ടിയിടിച്ച് പിന്മാറേണ്ടി വന്ന ലെക്ലെര്‍ക് സങ്കടകാഴ്ചയായി. ലെക്ലെര്‍ക്കിനുമേല്‍ ഏറെ പ്രതീക്ഷകളായിരുന്നു ഈ സീസണില്‍ ഫെറാറി വച്ചുപുലര്‍ത്തിയിരുന്നത് . എന്നാല്‍ ആകെ ആറു പോയിന്റുമായി പത്താം സ്ഥാനത്തു തുടരുകയാണ് ലെക്ലെര്‍ക്.
ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയിലെ ആദ്യ റെഡ് ഫ്‌ളാഗ് ഉയരുന്നത് ഏഴാം ലാപ്പിലാണ്. അലക്‌സ് ആല്‍ബണിന്റെ കാര്‍ ഹൈ സ്പീഡ് സെക്ഷനുകളില്‍ ഒന്നില്‍ സര്‍ക്യൂട്ട് വാളിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് സേഫ്റ്റി കാറിനെ ട്രാക്കില്‍ എത്തിച്ചപ്പോള്‍ മുന്‍കൈ നേടാനായി റസ്സലും സെയ്ന്‍സും കാറുകള്‍ പിറ്റിലേക്ക് റിപ്പയറിനായി എത്തിച്ചെങ്കിലും ട്രാക്ക് ക്ലിയര്‍ ചെയ്യാന്‍ റേസ് നിര്‍ത്തിവച്ചതോടെ ആ ശ്രമങ്ങളും വിഫലമായി.
നാല് ലാപ്പുകള്‍ ശേഷിക്കെ മാഗ്‌നുസ്സന്റെ കാറും വാളിലേക്ക് ഇടിച്ചു കയറി. വീണ്ടും അവസാന രണ്ടു ലാപ്പിനായി റേസ് പൂര്‍ണമായും റീസെറ്റ് ചെയ്യപെട്ടു. സെയിന്‍സും അലോന്‍സോയും തമ്മിലും, ഒകോനും ഗ്യാസ്ലിയും തമ്മിലുമുള്ള കൂട്ടിയിടിക്കു ശേഷം മൂന്നാം റെഡ് ഫ്‌ളാഗ് ഉയര്‍ന്നു. ഇതോടെ റീസ്റ്റാര്‍ട്ടില്‍ വെസ്റ്റപ്പന് സേഫ്റ്റി കാറിനു പിന്നില്‍ ഒന്നാം സ്ഥാനത്തു റേസ് ആരംഭിക്കാന്‍ സാധിച്ചു.
കാണികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ നിരാശയാണ് റേസിലെ റീസ്റ്റാര്‍ട്ടുകള്‍ സമ്മാനിച്ചത്. ഇത്രമേല്‍ റീസ്റ്റാര്‍ട്ടുകള്‍ വേണമായിരുന്നോ എന്ന ചോദ്യവും പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. റീസ്റ്റാര്‍ട്ടുകള്‍ക്കു ശേഷം ഫോര്‍മേഷന്‍ ലാപ്പില്‍ സംഭവിക്കുന്ന ടയറുകളിലെ താപനിലയിലെ കുറവ് ഗ്രിപ്പ് കുറച്ചുവെന്നും അതാകും അപകടങ്ങള്‍ക്കു കാരണമായതെന്നുമാണ് വെസ്റ്റപ്പനും റസ്സലും വിലയിരുത്തുന്നത്. ഇടികള്‍ക്കൊടുവില്‍ 12 കാറുകള്‍ മാത്രമാണ് റേസ് അവസാനിപ്പിച്ചത്.
മറ്റൊരു വിവാദമായി മാറിയത് ഫൈനല്‍ റീസ്റ്റാര്‍ട്ടില്‍ ആദ്യത്തെ ഗ്രിഡ് പൊസിഷന്‍ സ്വീകരിച്ചതിനെ സംബന്ധിച്ചാണ്. ഹാസ് ഉയര്‍ത്തിയ പരാതി അന്വേഷിച്ചതിന് ശേഷം വൈകിയാണ് ഔദ്യോഗിക റിസള്‍ട്ട് പ്രഖ്യാപനം വന്നത് പോലും. ഈ പ്രശ്‌നങ്ങളെയെല്ലാം മുന്‍നിര്‍ത്തി പുതിയ റേസ് ഫോര്‍മാറ്റ് 10 ടീമുകളുടെ പരസ്പര ധാരണയോടെ അണിയറയില്‍ ഒരുങ്ങുകയാണ്. അസര്‍ബൈജാനില്‍ ഈ മാസം 30നു നടക്കുന്ന ഗ്രാന്‍ഡ് പ്രീയില്‍ ഈ ഫോര്‍മാറ്റ് സ്വീകരിക്കപ്പെടുമോ എന്ന് കാത്തിരിക്കുകയാണ് റേസിങ് ലോകം.
Content Highlights: max verstappen wins australian grand prix
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..