ഉലാന്‍ഉദെ; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരം എന്ന നേട്ടം മേരി ഇതോടെ സ്വന്തമാക്കി. 1-4 നാണ് മേരി ചാകിരൊഗ്ലുവിനോട് തോറ്റത്.

ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം.  ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.

നിലവില്‍ ആറ് ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണവുമായി ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവോന്റെ റെക്കോര്‍ഡിനൊപ്പമാണു മേരി. ബോക്‌സിങ് രംഗത്ത്  1986 മുതല്‍ 99 വരെ തിളങ്ങിയ സാവോന്‍ നേടിയത് 6 സ്വര്‍ണവും ഒരു വെള്ളിയുമാണ്. 6 സ്വര്‍ണം, ഒരു വെളളി എന്നിങ്ങനെയാണ് മേരിയുടെ നേട്ടങ്ങള്‍. ഇക്കുറി മെഡലുറപ്പാക്കിയതോടെ മെഡല്‍ നേട്ടത്തില്‍ മേരി സാവോനെ പിന്തള്ളി.

2007 ല്‍ ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷം റിങ്ങിലേക്കു മടങ്ങിയെത്തിയശേഷം മേരി മൂന്നുതവണ ലോക ജേതാവായി.  2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടി. 2013 ലായിരുന്നു മേരിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം. അതിന് പിന്നാലെ 2014ല്‍ ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസിലും മേരി സ്വര്‍ണമണിഞ്ഞു. 

Content Highlights: Mary Kom settles for bronze after loss in semifinal, World Boxing Championship