ഉലാന്‍-ഉദെ (റഷ്യ): അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സാതിനെ തോല്‍പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 4-1. ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനല്‍ ബൗട്ട്.

പതിനെട്ടു വർഷത്തിനുശേഷം ഇതാദ്യമായാണ് ഒരു വനിതാബോക്സിങ് താരം അരങ്ങേറ്റത്തിൽ ലോകചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

54 കിലോഗ്രാം വിഭാഗത്തില്‍ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബൊഗൊഹെയ്‌നും സെമിഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷയായിരുന്ന ലോകചാമ്പ്യന്‍ മേരി കോം 51 കിലോഗ്രാം വിഭാഗത്തിന്റെ സെമിയില്‍ തോറ്റു. തുര്‍ക്കിയുടെ ബെസെനാസ് കാകിരോഗ്ലുവിനോടാണ് മേരി തോറ്റത്. മേരിയുടെ തോല്‍വിക്കെതിരേ ഇന്ത്യ അപ്പീല്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അപ്പീല്‍ തള്ളിക്കളഞ്ഞു.

Content Highlights: Manju Rani, World Boxing Championship, Chuthamat Raksat, Mary Com