നിഹാൽ സരീനും എസ്.എൽ. നാരായണനും | Photo: twitter.com
ചെന്നൈ: ചതുരംഗക്കളരിയിലെ പതിനൊന്നങ്കങ്ങളില് ഏഴും പൂര്‍ത്തിയായിരിക്കുന്നു. എതിരാളികള്‍ വെളുപ്പും കറുപ്പുമെടുത്തു പയറ്റിനോക്കി. റൊമാനിയയിലെയും ഫ്രാന്‍സിലെയും മൊള്ഡോവയിലെയും ക്യൂബയിലെയും അര്‍മേനിയയിലെയും സ്പെയിനിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും അറബുനാടുകളിലെയും ചേകവന്മാര് റൂയ് ലോപ്പസും ലണ്ടന്‍ സിസ്റ്റവും മറ്റ് യുദ്ധമുറകളും അവര്‍ക്കെതിരേ പ്രയോഗിച്ചുനോക്കി. പക്ഷേ, മലയാളനാട്ടിലെ ഉശിരന്മാരായ രണ്ടു യുവയോദ്ധാക്കളെ ഒരിക്കലെങ്കിലും വീഴ്ത്താന്‍ ആര്‍ക്കുമായില്ല, ഒരു യുദ്ധതന്ത്രത്തിനുമായില്ല. അവര്‍ നിഹാല്‍ സരീനും എസ്.എല്‍. നാരായണനും. നിഹാല്‍ ആറു കളികള്‍ കളിച്ചു - 4 ജയം, 2 സമനില. നാരായണന് അഞ്ചു കളികള്‍ കളിച്ചു - 3 ജയം, 2 സമനില.
ഗുകേഷ്
ജയം ശീലമാക്കിയ ഇന്ത്യയുടെ പതിനാറുകാരന് അദ്ഭുതബാലന് ഈ ഒളിമ്പ്യാഡില്‍ കളിച്ച ഏഴ് കളികളും ജയിക്കുന്ന ഏകതാരമാണ്. ഏറ്റവും ശക്തര്‍ കളിക്കുന്ന ഒന്നാം ബോര്‍ഡിലാണ് ഗുകേഷ് തന്റെ തുടര്‍വിജയങ്ങള്‍ കൊയ്തത്. ഗുകേഷ് ക്യൂബയുടെ ഒന്നാം ബോര്‍ഡ് കളിക്കാരന് കാര്‍ലോസ് ഡാനിയേലിനെ പരാജയപ്പെടുത്തി. മുന്‍ ലോക വനിതാ ചാമ്പ്യന്‍ സൂസന് പോള്‍ഗാര്‍ അടക്കം ചെസ് ലോകം ഒന്നടങ്കം ഗുകേഷിന്റെ കടുത്ത ആരാധകരായി മാറി.
അര്‍മേനിയയും ഇന്ത്യയും ലീഡ് തുടരുന്നു
ചെന്നൈ: ലോക ചെസ്സ് ഒളിമ്പ്യാഡ് ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നാം സീഡ് അമേരിക്കയോട് 2-2 സമനില പാലിച്ച അര്‍മേനിയ 13 പോയിന്റ് നേടി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു. അമേരിക്ക, ഇന്ത്യ 1, ഇന്ത്യ 2, ജര്‍മ്മനി, ഉസ്ബക്കിസ്ഥാന്, കസാക്കിസ്ഥാന്‍, അസര്ബൈജാന് എന്നീ ടീമുകള്‍ 12 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിടുന്നു. ഇന്ത്യയുടെ ഒന്നാം ടീം തങ്ങളുടെ മൂന്നാം ടീമിനെ 3-1നും ഇന്ത്യ 2 ക്യൂബയെ 3.5 - 0.5നും തകര്‍ത്തു.
വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെ 2.5 - 1.5 എന്ന സ്കോറിന് കീഴടക്കി ഇന്ത്യയുടെ പ്രഥമ ടീം ഒറ്റയ്ക്ക് മുന്നേറ്റം തുടര്‍ന്നു. ഇന്ത്യയുടെ രണ്ടാം ടീം ഗ്രീസിനോട് 1.5-2.5ന് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ മൂന്നാം ടീം 3-1ന് സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ വിജയിച്ചു. 12 പോയിന്റ് വീതം നേടിയ യുക്രൈനും ജോര്‍ജിയയും അര്‍മേനിയയും രണ്ടാം സ്ഥാനം പങ്കിടുന്നു.
കണ്ണഞ്ചിപ്പിച്ച ഗെയിം
12 പോയന്റ് നേടിയ അര്‍മേനിയയും 11 പോയന്റ് നേടിയ അമേരിക്കയും തമ്മില്‍ ഓപ്പണ്‍ വിഭാഗത്തിന്റെ മേധാവിത്തത്തിനുവേണ്ടിയുള്ള വാശിയേറിയ പോരാട്ടമാണ് വെള്ളിയാഴ്ച അരങ്ങേറിയത്. അമേരിക്കയുടെ ഫിലിപ്പൈന്‍സ് വംശജനായ മൂന്നാം ബോര്‍ഡ് കളിക്കാരന് വെസ്ലി സോ അര്‍മേനിയയുടെ ഹ്രാന്ത് മെല്കുമ്യനെ കണ്ണഞ്ചിപ്പിക്കുന്ന ബലിപരമ്പരയിലൂടെ തകര്‍ത്ത് തരിപ്പണമാക്കി.
വൈറ്റ്: വെസ്ലി സോ (അമേരിക്ക)
ബ്ലാക്ക്: ഹ്രാന്ത് മെല്കുമ്യന് (അര്‍മേനിയ)
1. e4 c6 2. Nc3 d5 3. Nf3 Bg4 4. h3 Bxf3 5. Qxf3 e6 6. Be2 Bc5 7. O-O Nd7 8. exd5
cxd5 9. Rd1 Ngf6 10. d4 Be7 11. Bd3 O-O 12. Bf4 Nb8 13. Ne2 Nc6 14. c3 Re8 15.
Re1 g6 16. Ng3 Nd7 17. Re3 e5 18. Bh6 e4 19. Rxe4! Nf8 20. Rf4 f5 21. Nxf5! gxf5 22. Rxf5 Qd6 23. Qg4+ Ng6 24. Rxd5! Qf6 25. g3 Bf8 26. Rf5 Qe7 27. Bc4+ Kh8 28. Bg5 1-0
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..