കിരീടവുമായി എച്ച്.എസ്. പ്രണോയിയും എം.ആർ. അർജുനും
''ശബ്ദം വളരെ കുറവാണ് ചേട്ടാ. ഇന്നലെ ഫൈനലില്‍ ഇന്ത്യയ്ക്കുവേണ്ടി ആര്‍ത്തുവിളിച്ചും കിരീടവിജയം രാവുറങ്ങാതെ ആഘോഷിച്ചും ഒച്ചയടഞ്ഞിരിക്കുകയാണ്...'' ബാങ്കോക്കില്‍നിന്ന് സംസാരിക്കുമ്പോള്‍ അര്‍ജുനിന്റെ ശബ്ദം നേര്‍ത്തിരുന്നു. എങ്കിലും സംസാരത്തില്‍ കിരീടവിജയത്തിന്റെ ത്രില്‍ നിറഞ്ഞുതുളുമ്പി. ചരിത്രംതിരുത്തി തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിലെ മലയാളി എം.ആര്. അര്ജുന് ബാങ്കോക്കില്‍നിന്ന് 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
വിശ്വസിക്കാനാകാത്ത വിജയം
ഫൈനലിനിറങ്ങുമ്പോള്‍ ഞങ്ങള്‍ ആഘോഷമൂഡിലായിരുന്നു. ആദ്യ സിംഗിള്‍സിലെ ആദ്യസെറ്റില്‍ ആന്റണി ജിന്റിങ്ങിനെതിരേ ലക്ഷ്യ സെന്‍ പെട്ടെന്നു കീഴടങ്ങിയതോടെ ഞങ്ങള്‍ ആര്‍പ്പുവിളിച്ച് അവനെ പ്രോത്സാഹിപ്പിച്ചു. ലക്ഷ്യയുടെ തിരിച്ചുവരവാണ് ഞങ്ങളുടെ ഗെയിം ചേഞ്ചില്‍ നിര്‍ണായകമായത്. പോഡിയത്തിലെത്തി തോമസ് കപ്പ് ഉയര്‍ത്തുമ്പോള്‍ അതു വിശ്വസിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞങ്ങള്‍. കോച്ചിന്റെവക പാര്ട്ടിയുണ്ടായിരുന്നതിനാല് രാത്രി വൈകിയും ആഘോഷത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിനു ഒത്തുകൂടുമ്പോഴും ഇതൊരു സ്വപ്നമാണോയെന്നുതോന്നി.
സംഘബലം കരുത്ത്
തുല്യമായി ബാലന്‍സ് ചെയ്ത ടീമായിരുന്നു ഞങ്ങളുടേത്. ഓണ്‍ കോര്‍ട്ടില്‍ മാത്രമല്ല ഓഫ് കോര്‍ട്ടിലും അതു പ്രകടമായിരുന്നു. സീനിയേഴ്സും ജൂനിയേഴ്സും നവാഗതരുമൊക്കെ ടീമിലുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഈഗോ ഉണ്ടായിരുന്നില്ല. പത്തുപേരും ഒരുമിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. മലയാളി കോച്ച് വിമല്കുമാര്സാര് ഞങ്ങള്‍ക്കു കൂടുതല്‍ കംഫര്‍ട്ടായിരുന്നു.
ലക്ഷ്യയുടെ ടെന്‍ഷന്‍
ലക്ഷ്യ വളരെ പതറിയാണ് ആദ്യമത്സരങ്ങള്‍ കളിച്ചത്. ഫൈനലില്‍ ആദ്യമത്സരത്തില്‍ ലക്ഷ്യ ജയിച്ചാല്‍ മികച്ച തുടക്കമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, നല്ല ടെന്‍ഷനിലാണ് അവന് ഇറങ്ങിയത്. ആദ്യസെറ്റ് തോറ്റപ്പോള്‍ ഞാന്‍ വാം അപ്പ് ചെയ്യാന്‍ കോര്‍ട്ടിലേക്കിറങ്ങി. അവന് തോറ്റാല്‍ നാലാമത്തെ കളിയില്‍ ഞാനാണ് ഇറങ്ങേണ്ടിയിരുന്നത്. ജയിച്ചുവന്നശേഷം അവന് എന്നെ കെട്ടിപ്പിടിച്ചു. ഏതാനും നിമിഷം അങ്ങനെ നിന്നു. പിന്നെ ശ്രീകാന്തും ജയിച്ചതോടെ വാം അപ്പ് കോര്‍ട്ടില്‍നിന്ന് ഞാന്‍ മെയിന്‍ കോര്‍ട്ടിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു.
അറിയുന്ന കാലാവസ്ഥ
ബാങ്കോക്കില്‍ നല്ല ചൂടായിരുന്നു. ഇടയ്ക്കു മഴയും പെയ്തു. ഞങ്ങള്‍ പരിശീലനക്യാമ്പ് നടത്തിയ ഹൈദരാബാദിലേതുപോലെയുള്ള കാലാവസ്ഥയായിരുന്നതിനാല്‍ പൊരുത്തപ്പെടാന്‍ എളുപ്പമായി. ഏഷ്യന്‍ വിഭവങ്ങളായിരുന്നതിനാല് ഭക്ഷണവും പരിചിതമായ സ്വാദുകളില്തന്നെ കിട്ടി. തിങ്കളാഴ്ച ഉച്ചവരെ വിശ്രമത്തിലായിരുന്നു. വൈകീട്ട് എല്ലാവരും തായ്ലാന്ഡ് ഓപ്പണിനുള്ള പരിശീലനത്തിനിറങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..