ശ്രീശങ്കർ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നു | Photo: AP
യൂജീന്‍: അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം. പുരുഷ വിഭാഗം ലോങജമ്പില് മലയാളി താരം എം.ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ശ്രീശങ്കര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
രണ്ടാം ശ്രമത്തില്‍ എട്ടുമീറ്റര്‍ ദൂരം താണ്ടിയാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്. രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാമത്സരം നടന്നത്. ആകെ 12 പേരാണ് ഫൈനലിലെത്തിയത്. അതില്‍ ശ്രീശങ്കറിന്റെ സ്ഥാനം എട്ടാമതാണ്. ആകെ ഏഴുപേരാണ് എട്ട് മീറ്റര്‍ ദൂരം കണ്ടെത്തിയത്.
എന്നാല്‍ ഇതേയിനത്തില്‍ പങ്കെടുത്ത മുഹമ്മദ് അനീസ് യഹിയയും ജെസ്വിന് ആള്ഡ്രിന് ജോണ്‍സണും ഫൈനല്‍ കാണാതെ പുറത്തായി. ജെസ്വിന് 7.79 മീറ്ററും യഹിയ 7.73 മീറ്ററുമാണ് കണ്ടെത്തിയത്.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി. ഹീറ്റ്സില്‍ മൂന്നാമനായാണ് താരം ഫൈനലിലെത്തിയത്. ഹീറ്റ്സ് മൂന്നിലാണ് താരം പങ്കെടുത്തത്.
ഉദ്ഘാടന മത്സരങ്ങളിലൊന്നായ വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ പെറുവിന്റെ കിംബെര്‍ലി ഗാര്‍ഷ്യ ലിയോണ്‍ സ്വര്‍ണം നേടി. 20 കിലോമീറ്റര്‍ ഒരു മണിക്കൂറും 26 മിനിറ്റും 58 സെക്കന്റുമെടുത്താണ് താരം 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്.
പോളണ്ടിന്റെ കാറ്റര്സൈന സെഡ്സിയോബ്ലോ വെള്ളിയും ചൈനയുടെ ഷിജിയെ ക്യുയാങ് വെങ്കലവും നേടി. ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 34-ാം സ്ഥാനത്താണ് പ്രിയങ്ക മത്സരം പൂര്‍ത്തീകരിച്ചത്. 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ താരം ഒരു മണിക്കൂറും 39 മിനിറ്റും 42 സെക്കന്‍ഡുമെടുത്തു.
പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ സന്ദീപ് കുമാറും നിരാശപ്പെടുത്തി. ഫൈനലില്‍ താരം 40-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു മണിക്കൂറും 31 മിനിറ്റും 58 സെക്കന്‍ഡുമെടുത്താണ് താരം മത്സരം പൂര്‍ത്തീകരിച്ചത്. ഈ ഇനത്തില്‍ ജപ്പാന് സ്വര്‍ണവും വെള്ളിയും നേടി. തോഷികാസു യമനിഷി സ്വര്‍ണവും കോകി ഇക്കേഡ വെള്ളിയും നേടി. സ്വീഡന്റെ പെര്‍സിയസ് കാള്‍സ്റ്റോം വെങ്കലം സ്വന്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..