Photo: AP
ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇറങ്ങിപ്പോയി. പുരുഷ ബോക്‌സിങ് താരമായ മുഹമ്മദ് ഹുസ്സാമുദ്ദീനൊപ്പമാണ് താരം ഉദ്ഘാടനച്ചടങ്ങിനിടെ മുങ്ങിയത്.
സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇരുവരും 30 മിനിറ്റ് നഗരത്തിലൂടെ കറങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടനച്ചടങ്ങ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ലവ്‌ലിനയും സുഹൃത്തും മുങ്ങിയത്.
കറങ്ങാന്‍ പോയതല്ലെന്നും അതിരാവിലെ പരിശീലനം നടത്തേണ്ടതിനാലാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഇടയ്ക്കിറങ്ങിയതെന്നും ലവ്‌ലിന പറഞ്ഞു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലവ്‌ലിന ഇക്കാര്യം പറഞ്ഞത്.
' മത്സരം അടുത്തതിനാല്‍ അതിരാവിലെ പരിശീലനം നടത്തണം. ഉദ്ഘാടനച്ചടങ്ങ് നീണ്ടാല്‍ രാവിലെ പരിശീലനം മുടങ്ങും. അതുകൊണ്ടാണ് പുറത്തിറങ്ങിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു'-ലവ്‌ലിന പറഞ്ഞു.
എന്നാല്‍ ലവ്‌ലിനയുടെ വിശദീകരണത്തില്‍ ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് രാജേഷ് ഭണ്ഡാരി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ലവ്‌ലിന പുറത്തുപോയ കാര്യം അറിയില്ലെന്നും അവരെപ്പോലെ എല്ലാ കായികതാരങ്ങള്‍ക്കും രാവിലെ പരിശീലനമുണ്ടെന്നും രാജേഷ് പറഞ്ഞു. നേരത്തേ ഇറങ്ങിപ്പോകുമെന്ന കാര്യം അറിയിച്ചിരുന്നെങ്കില്‍ ലവ്‌ലിനയെ ചടങ്ങില്‍ നിന്നൊഴിവാക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനച്ചടങ്ങില്‍ 164 ഇന്ത്യന്‍ കായികതാരങ്ങളാണ് പങ്കെടുത്തത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..