Photo: PTI
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവും ഇന്ത്യന്‍ ബോക്‌സിങ് താരവുമായ ലോവ്‌ലിന ബോര്‍ഗോഹെയ്‌ന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ). ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന തനിക്ക് അധികൃതരില്‍ നിന്നും മാനസിക പീഡനം നേരിടുന്നുവെന്നും ഒളിമ്പിക് മെഡല്‍ കിട്ടാന്‍ സഹായിച്ച പരിശീലകരെ അകറ്റിനിര്‍ത്തുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ലോവ്‌ലിന രംഗത്തെത്തിയത്.
ലവ്ലിനയുടെ കോച്ച് സന്ധ്യ ഗുരുങ്ങിന് അക്രഡിറ്റേഷന്‍ കിട്ടാത്തതിനാല്‍ ഗെയിംസ് വില്ലേജില്‍ കടക്കുന്നതില്‍ നിന്ന് ഇവരെ തടയുകയും ചെയ്തിരുന്നു. മറ്റൊരു കോച്ച് അമെ കോലേക്കറെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയതുമില്ല. ഇതിനെതിരേ ട്വിറ്ററിലൂടെയായിരുന്നു ലവ്ലിനയുടെ പ്രതിഷേധം.
'ഞാന്‍ വളരെ ദുഃഖിതയാണ്. തുടര്‍ച്ചയായി അധികൃതര്‍ എന്നെ ഉപദ്രവിക്കുന്നു. കടുത്ത മാനസികപീഡനം നേരിടുന്നു. ഒളിമ്പിക് മെഡല്‍ കിട്ടാന്‍ സഹായിച്ച കോച്ചുമാരെ അകറ്റിനിര്‍ത്തുന്നു. ഇതെന്റെ പരിശീലനം താളംതെറ്റിക്കുന്നു. കോച്ചുമാരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ കൈകൂപ്പി യാചിച്ചതാണ്. ലോകചാമ്പ്യന്‍ഷിപ്പിലും ഇതേ ദുഃസ്ഥിതി ഞാന്‍ നേരിട്ടു. എങ്കിലും, രാജ്യത്തിനുവേണ്ടി ഒരു മെഡലിനായി ഞാന്‍ പൊരുതും' - എന്നായിരുന്നു ലവ്ലിനയുടെ വാക്കുകള്‍.
എന്നാല്‍ ഇതിനു പിന്നാലെ ലവ്‌ലിനയുടെ പരിശീലകയ്ക്ക് ഡെലിഗേറ്റ് യാത്രയും ഹോട്ടലില്‍ താമസവും ഒരുക്കിയതായി അറിയിച്ച് ബിഎഫ്‌ഐ തിങ്കളാഴ്ച തന്നെ രംഗത്തെത്തി. ലവ്ലിനയുടെ കോച്ച് സന്ധ്യ ഗുരുങ് പരിശീലക ക്യാമ്പില്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പുവരുത്തിയതായും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ഇക്കാര്യം ചര്‍ച്ചചെയ്തുവരികയാണെന്നും അതിനാല്‍ തന്നെ അവര്‍ക്ക് ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നും ബിഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആകെയുള്ള കളിക്കാരുടെ സംഘത്തിന്റെ 33 ശതമാനം സപ്പോര്‍ട്ട് സ്റ്റാഫിനെ ഉള്‍പ്പെടുത്താനേ അനുവാദമുള്ളൂ. അതിനാല്‍ തന്നെ ബിഎഫ്‌ഐയുടെ കാര്യത്തില്‍ എട്ട് പുരുഷന്‍മാരും നാല് സ്ത്രീകളുമടങ്ങിയ സംഘത്തില്‍ പരിശീലകര്‍ ഉള്‍പ്പെടെ നാല് സപ്പോര്‍ട്ട് സ്റ്റാഫിനെ മാത്രമേ അനുവദിക്കാനാകൂ എന്നും ബിഎഫ്‌ഐ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..