Photo: AFP
വെടിവെച്ചിടുന്നെങ്കില്‍ അത് പുലിയെ തന്നെയാവണമെന്നൊരു ചൊല്ലുണ്ട് വേട്ടക്കാര്‍ക്കിടയില്‍. നായാട്ടുകാരനല്ല കിഡംബി ശ്രീകാന്ത് എന്ന ഗുണ്ടൂരുകാരന്‍ പയ്യന്‍. പക്ഷേ, ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പുലികളെ വെടിവെച്ചു വീഴ്ത്തുന്നതൊരു വിനോദമാണ് വേട്ടക്കാരന്റെ വീര്യമുള്ള ഈ ഇരുപത്തിയെട്ടുകാരന്. അങ്ങനെയൊരു വലിയ വേട്ടയ്ക്കുശേഷമാണ് കിഡംബി ശ്രീകാന്ത് ബാഡ്മിന്റണ്‍ ലോകത്തിന്റെ കണ്ണിലുടക്കിയത്. ഗോപിചന്ദിനുശേഷമുള്ള ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണിന്റെ ഭാവിപ്രതീക്ഷയായി മാറിയതും ലോക ബാഡ്മിന്റണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുലിയെ വേട്ടയാടി വീഴ്ത്തിയയശേഷമായിരുന്നു. അതും പുലിമടയില്‍ തന്നെ ചെന്ന്.
ചൈനീസ് മണ്ണില്‍ അഞ്ചു ലോക കിരീടങ്ങളും രണ്ട് ഒളിംപിക് സ്വര്‍ണവും മൂന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും അടക്കം മൊത്തം 56 കിരീടങ്ങള്‍ സ്വന്തമാക്കിയ ചരിത്രമുള്ള അവരുടെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ വിഗ്രഹമായ ലിന്‍ ഡാനെ ചൈന ഓപ്പണില്‍ വീഴ്ത്തുക എന്ന അവിശ്വസനീയമായ നേട്ടം ഒരു വണ്‍ടൈം വണ്ടര്‍ ആയിരുന്നില്ല ഗുണ്ടൂരിലെ ഈ ഗോലിയാത്തിന്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ പ്രകാശ് പദുക്കോണിനും പി.ഗോപിചന്ദിനും കൈവരിക്കാനാവാത്ത സ്വപ്നതുല്ല്യമായ അന്നത്തെ ആ നേട്ടം സ്പെയിനിലെ തുറമുഖനഗരമായ ഹ്യുല്‍വയിലെ വെള്ളി നേട്ടം വരെയുള്ള ജൈത്രയാത്രയുടെ ഒരു സൂചന തന്നെയായിരുന്നു. പദുക്കോണിനും ഗോപിക്കും കൈയത്താന്‍ കഴിയാതെ നേട്ടമാണ് ശ്രീകാന്ത് ഇന്ന് സ്വന്തമാക്കിയരിക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയണിയുന്ന ഇന്ത്യയുടെ ഒരേയൊരു ആണൊരുത്തന്‍.
ചൈനയിലെ ഫുഷൗവില്‍ നിന്നും ഏഴ് വര്‍ഷത്തിനിപ്പുറം സ്പെയിനിലെ ഹ്യുല്‍വ വരെയുള്ള ശ്രീകാന്തിന്റെ ജൈത്രയാത്ര അടിമുടി അട്ടിമറികളും അത്ഭുതങ്ങളും നിറഞ്ഞതായിരുന്നു. എന്നും ഒരു ലോകകിരീടം കൈയെത്തും അകലത്തുണ്ടായിരുന്നു. വര്‍ഷങ്ങളായി ലോകചാമ്പ്യന്‍ഷിപ്പുകളിലെ ഇന്ത്യയുടെ ഷുവര്‍ ബെറ്റായിരുന്നു ശ്രീകാന്ത്. ഒളിമ്പിക്സിലെ പൊന്‍പ്രതീക്ഷയും. സ്വപ്നം പൂവണിയാന്‍ എന്തുകൊണ്ട് വൈകി എന്നതുമാത്രമാണ് പ്രശ്നം.
അട്ടിമറികളായിരുന്നു എന്നും ശ്രീകാന്തിന്റെ മുഖമുദ്ര. ദേശീയതാരം ഗുരുസായി ദത്തിനെ വീഴ്ത്തിക്കൊണ്ടായിരുന്നു ദേശീയ ടൂര്‍ണമെന്റില്‍ അരങ്ങേറ്റം. തുടക്കക്കാലത്ത് തന്നെ ദേശീയതാരം അജയ് ജയറാമും ശ്രീകാന്തിന്റെ അട്ടിമറിക്കരുത്തിന്റെ ചൂടറിഞ്ഞു. മാലദ്വീപ് ഇന്റര്‍നാഷണല്‍ ചാലഞ്ച് ടെന്നിസില്‍ അന്നത്തെ ലോക ജൂനിയര്‍ ചാമ്പ്യന്‍ മലേഷ്യയുടെ സുല്‍ഫാദി സുല്‍കിഫിയെ അട്ടിമറിച്ച് അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് തായ്ലന്‍ഡ് ഓപ്പണ്‍ ഗ്രാന്‍പ്രീയില്‍ കിരീടം ചൂടിയത് അന്നത്തെ ലോക എട്ടാം നമ്പര്‍ താരവും ലോക്കല്‍ ഹീറോയുമായ ബൂന്‍സാക് പൊന്‍സാനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിക്കൊണ്ടാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദേശീയ ചാമ്പ്യനും പരിശീലന പങ്കാളിയുമായ പി.കശ്യപിനെ അട്ടിമറിച്ച് ആദ്യമായി ദേശീയ ചാമ്പ്യനുമായി.
ലിന്‍ ഡാനെ വീഴ്ത്തി നേടിയ ചൈന ഓപ്പണും പൊന്‍സനയെ വീഴ്ത്ത നേടിയ തായ്ലന്‍ഡ് ഓപ്പണും ഒരു തുടക്കം മാത്രമായിരുന്നു ശ്രീകാന്തിന്. സൂപ്പര്‍ സീരീസില്‍ ഇന്ത്യ ഓപ്പണ്‍, ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഡെന്‍മാര്‍ക്ക് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, ഗ്രാന്‍പ്രീയില്‍ സ്വിസ് ഓപ്പണ്‍, സയ്യിദ് മോദി ടൂര്‍ണമെന്റ്... സ്വപ്നതുല്ല്യമായിരുന്നു ശ്രീകാന്തിന്റെ കുതിപ്പ്. അവിശ്വസനീയമായിരുന്നു ലോക ഒന്നാം റാങ്കിലേയ്ക്ക് സ്വപ്നതുല്ല്യമായ വേഗം. അടുത്ത ഗോപിചന്ദെന്നും പദുക്കോണെന്നുമുള്ള വിശേഷണങ്ങള്‍ അലങ്കാരമല്ല, അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണെന്ന് ഓരോ കിരീടനേട്ടം കൊണ്ടും തെളിയിച്ചു ശ്രീകാന്ത്. അതും ഇന്ത്യന്‍ ബാഡ്മിന്റണ്‍ സിന്ധു-സൈന പെണ്‍യുഗത്തില്‍ ഒതുങ്ങിക്കൊണ്ടിരുന്ന കാലത്ത്.
1993-ല്‍ കെ.വി.എസ്. കൃഷ്ണന്റെയും രാധയുടെയും രണ്ടാമത്തെ മകനായി ജനിച്ച ശ്രീകാന്ത് കോര്‍ട്ടിലെത്തിയത് ജ്യേഷ്ഠന്‍ നന്ദഗോപാലിന്റെ കൈ പിടിച്ചാണ്. ഇരുവരും ഒന്നിച്ചാണ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തതും. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ കാലത്ത് ഇന്ത്യന്‍ ബാഡ്മിന്റണിലെ ഗുണ്ടൂര്‍ സഹോദരങ്ങള്‍ എന്ന വിശേഷണവും ചാര്‍ത്തിക്കിട്ടി. നാട്ടില്‍ സൗകര്യങ്ങള്‍ പോരെന്ന് കണ്ടപ്പോള്‍ അവര്‍ ആദ്യം വിശാഖപട്ടണത്തേയ്ക്കും പിന്നീട് ഹൈദരാബാദിലേയ്ക്കും ചേക്കേറി. വിശാഖപട്ടണത്ത് സുധാകര്‍ റെഡ്ഡിയുടെ ക്യാമ്പില്‍ നിന്നും 2009ല്‍ ഹൈദരാബാദില്‍ ഗോപിചന്ദ് അക്കാദമിയില്‍ ചേര്‍ന്നതോടെയാണ് ശ്രീകാന്തിന്റെ ഭാഗധേയം തിരുത്തിയെഴുതപ്പെട്ടത്. ഇതിനിടെ സാമ്പത്തിക സഹായവുമായി ഗോ സ്പോര്‍ട്സ് ഫൗണ്ടേഷനും രംഗത്തെത്തി. ഈ രണ്ട് സൗകര്യവും ശ്രീകാന്ത് പരമാവധി പ്രയോജനപ്പെടുത്തി. ഈ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ കണ്ടത്. ഞായറാഴ്ച നടന്ന ഫൈനലില്‍ സിംഗപ്പുരിന്റെ ലോ കെന്‍ യൂവിനോട് പരാജയമറിഞ്ഞെങ്കിലും ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തത്.
പദുക്കോണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ഈ ജൈത്രയാത്ര. ഇപ്പോള്‍ പദുക്കോണിനെപ്പോലും നിഷ്പ്രഭമാക്കിയിരിക്കുകയാണ് ഗുണ്ടൂരിലെ ഗോലിയാത്ത്. എച്ച്.എസ്. പ്രണോയ്ക്കും ലക്ഷ്യ സെന്നിനുമെല്ലാം നാളെ ലോകം കീഴടക്കാനുള്ള ഊര്‍ജം കൂടിയാണ് ഈ വെള്ളി നേട്ടം വഴി ശ്രീകാന്ത് സമ്മാനിച്ചിരിക്കുന്നത്. ഒളിമ്പിക് സ്വര്‍ണം എന്നൊരു നേട്ടം കൂടിയുണ്ട് പിടിതരാതെ. ഒന്നും അപ്രാപ്യമല്ലെന്ന സന്ദേശമാണ് റാക്കറ്റ് കൊണ്ട് ശ്രീകാന്ത് പിന്‍ഗാമികള്‍ക്കും നല്‍കിയിരിക്കുന്നത്.
Content Highlights: kidambi srikanth triumph in bwf world championship winning stunning silver
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..