മുംബൈ: മുൻ ദേശീയ ഖൊ ഖൊ താരവും പരിശീലകനുമായ രമേഷ് വരലികർ അന്തരിച്ചു. 83 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി വരലികർ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

അഞ്ചു പതിറ്റാണ്ടോളമായി ഖൊ ഖൊയിൽ നിറഞ്ഞുനിൽക്കുന്ന വരലികർ ഖൊ ഖൊയിലെ ആദ്യ സ്റ്റാറ്റിസ്റ്റീഷ്യൻ കൂടിയാണ്. ഖൊ ഖൊയുമായി ബന്ധപ്പെട്ട താരങ്ങളും അവരുടെ റെക്കോഡുകളും വരലികർ രേഖകളായി സൂക്ഷിച്ചിട്ടുണ്ട്. സെലക്ടർ, അമ്പയർ, അഡ്മിന്ട്രേറ്റർ, കമന്റേറ്റർ എന്നീ റോളുകളും വരലികർ ഭംഗിയായി നിർവഹിച്ചു.

വരലികറുടെ വിടവാങ്ങാൽ തീരാനഷ്ടമാണെന്ന് മുൻ ഖൊ ഖൊ ദേശീയ താരം ശ്രീരംഗ് ഇനംദർ പറയുന്നു. 18-ാം വയസ്സിൽ അർജുന പുരസ്കാരം നേടിയ ശ്രീരംഗ് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 1974-ൽ ദേശീയ ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയുടെ ക്യാപ്റ്റനായിരുന്നു ശ്രീരംഗ്. ഇതേ ടീമിന്റെ പരിശീലകനായിരുന്നു വരലികർ. അന്ന് ആദ്യമായി ക്യാപ്റ്റനായപ്പോൾ ഏറെ സമ്മർദ്ദമുണ്ടായെന്നും എന്നാൽ വരലികറുടെ പരിചയസമ്പത്ത് ടീമിന്റെ വിജയത്തിൽ നിർണായകമായെന്നും ശ്രീരംഗ് ഓർക്കുന്നു.

'ഖൊ ഖൊയെക്കുറിച്ചുള്ള ഗൂഗിളാണ് വരലികർ സർ. ഇതുമായി ബന്ധപ്പെട്ട എന്തുകാര്യം ചോദിച്ചാലും വരലികർ സർ ഉത്തരം നൽകും. അന്ന് ഇന്റർനെറ്റൊന്നും സജീവമല്ലാതിരുന്ന കാലത്ത് അദ്ദേഹം റെക്കോഡുകളെല്ലാം പുസ്തകത്തിൽ എഴുതിസൂക്ഷിക്കുകയാണ് പതിവ്.' ശ്രീരംഗ് പറയുന്നു.

Content Highlights: Kho Kho Player And Coach Ramesh Waralikar Passes Away