കോഴിക്കോട്: റെയില്‍വേസിന്റെ ചൂളംവിളികള്‍ക്കുമുന്നില്‍ ചൂളിപ്പോകുന്ന കേരള വനിതകളെയാണ് മൂന്നുവര്‍ഷംമുമ്പുവരെ ദേശീയ വോളിബോള്‍ കോര്‍ട്ടില്‍ കണ്ടിരുന്നത്. നിര്‍ണായക സമയത്ത് കീഴടങ്ങുന്നവര്‍ എന്ന ചീത്തപ്പേരും കേരള വനിതകള്‍ക്കുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കഥ മാറി. കേരള വനിതകള്‍ ഫൈനലില്‍ ജയിക്കാന്‍ തുടങ്ങി. രണ്ടുവര്‍ഷത്തിനിടെ നേടിയത് രണ്ട് ദേശീയ ചാമ്പ്യന്‍ഷിപ്പും രണ്ട് ഫെഡറേഷന്‍ കപ്പും. ഏറ്റവുമൊടുവില്‍, കരുത്തരായ റെയില്‍വേസിനെ തോല്‍പ്പിച്ചാണ് വെള്ളിയാഴ്ച ഫെഡറേഷന്‍ കപ്പ് വോളി ജേതാക്കളായത്

പരിശീലനം ഒരുമിച്ച്

കേരള ടീമിനെ വിജയവഴിയിലെത്തിച്ചത് കെ.എസ്.ഇ.ബി.യായിരുന്നു. ടീമിലെ പതിനൊന്നില്‍ എട്ടുപേരും കെ.എസ്. ഇ.ബി.യുടെ താരങ്ങളാണ്. തിരുവനന്തപുരത്ത് സായിയുടെ സെന്‍ട്രല്‍ ഓഫ് എക്സലന്‍സിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്. ഈ എട്ട് പേരില്‍നിന്നാണ് ആദ്യ ആറു താരങ്ങളെ കളിക്കാനിറക്കുന്നതും.

ഇവരുടെ ഒരുമിച്ചുള്ള പരിശീലനം കേരളത്തിന് ഗുണം ചെയ്തു. ക്യാപ്റ്റന്‍ എം. ശ്രുതി, എസ്. രേഖ, അഞ്ജു ബാലകൃഷ്ണന്‍, ഇ. അശ്വതി, കെ.പി. അനുശ്രീ, എസ്. സൂര്യ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രന്‍ എന്നിവരായിരുന്നു കെ.എസ്.ഇ.ബി.യില്‍നിന്ന് കേരള ടീമിലെത്തിയത്.

ഇവര്‍ക്കുപുറമേ മൂന്ന് കേരള പോലീസ് താരങ്ങളും ടീമിലുണ്ടായിരുന്നു. എന്‍.പി. അനഘ, അനന്യ അനീഷ്, മേരി അനീന എന്നിവരായിരുന്നു പോലീസില്‍നിന്ന് കേരള ടീമിലെത്തിയത്. എം.ജി. സര്‍വകലാശാലയുടെ താരമായ യു. അതുല്യയും ടീമിനൊപ്പമുണ്ടായിരുന്നു.

ലിബെറോയുടെ സ്ഥാനത്ത് കളിച്ച അശ്വതി രവീന്ദ്രന്‍, സെറ്റര്‍ ഇ. അശ്വതി എന്നിവര്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

സദാനന്ദന്റെ സമയം

ടീമിനെ ജയിക്കുന്നവരുടെ സംഘമാക്കിയതില്‍ മുഖ്യപരിശീലകന്‍ സി.എസ്. സദാനന്ദന് മികച്ച റോളുണ്ട്. എതിരാളികളുടെ പിഴവുകള്‍ കണ്ടെത്തി സദാനന്ദനൊരുക്കിയ തന്ത്രങ്ങളാണ് ടീമിന് വിജയമൊരുക്കിയത്. തിരുവനന്തപുരം എല്‍. എന്‍.സി.പി.ഇ.യില്‍ അസോസിയേറ്റ് പ്രൊഫസറായ സദാനന്ദന്‍ താരങ്ങളുടെ മാനസികശക്തി വര്‍ധിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്.

മുന്‍താരമായിരുന്ന പി. രാധികയാണ് ടീമിന്റെ സഹപരിശീലക.