സി.എസ്.സദാനന്ദൻ
കിരീടം നേടുന്നതുതന്നെ കടുപ്പം, അതിനേക്കാള്‍ ബുദ്ധിമുട്ടേറിയതാണ് കപ്പ് നിലനിര്‍ത്തുന്നത്. വോളിബോളില്‍ ദേശീയതലത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി കിരീടം കേരള വനിതകളുടെ കൈയിലാണ്. ഫെഡറേഷന് കപ്പിലാകട്ടെ മൂന്നു വര്‍ഷമായി മറ്റൊരവകാശിയില്ല. കേരള കായികചരിത്രത്തില്തന്നെ നാലുവര്‍ഷത്തിനുള്ളില്‍ ഏഴു കിരീടങ്ങളെന്ന ചരിത്രനേട്ടം കേരള വനിതാ ടീമിന് കൈവരുമ്പോള്‍, കളി പഠിപ്പിക്കാന്‍ അണിയറയിലൊരു അധ്യാപകനുണ്ട് -ഡോ. സി.എസ്. സദാനന്ദന്. തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ.യിലെ അസോസിയേറ്റ് പ്രൊഫസര്‍, കേരള ടീമിന്റെ മുഖ്യപരിശീലകന്‍.
കിരീടവര്ഷങ്ങള്
2008-ല്‍ കേരള ജൂനിയര്‍ ടീമിനെ പരിശീലിപ്പിച്ചാണ് തുടക്കം. പിന്നീടുള്ള പത്തു വര്‍ഷം കേരള വോളിബോളിന്റെ മുഖ്യധാരയില്‍ സദാനന്ദനെന്ന പരിശീലകനുണ്ടായിരുന്നില്ല. സ്പോര്‍ട്സ് അതോററ്റി ഓഫ് ഇന്ത്യയുടെ, കളിക്കാരെ വാര്‍ത്തെടുക്കുന്ന കളരികളിലായിരുന്നു അക്കാലം. 2018-ലാണ് വനിതാ ടീമിന്റെ പരിശീലകനാകുന്നത്. ഇതോടെ കേരള ടീമിന്റെയും സദാനന്ദന്റെയും സമയമായി.
2018-19 ചെന്നൈ ദേശീയ വോളിയില്‍ റെയില്‍വേസിനെ തോല്‍പ്പിച്ച് കേരളം ചാമ്പ്യന്മാരാകുമ്പോള് പത്തുവര്‍ഷംനീണ്ട കാത്തിരിപ്പിന് അവസാനമാകുകയായിരുന്നു. പിന്നീടിതുവരെ കപ്പ് കേരളം വിട്ടുപോയിട്ടില്ല. ഫെഡറേഷന് കപ്പില്‍ ഇത്തവണ കിരീടം നേടിയപ്പോള്‍ ഹാട്രിക് നേട്ടമായി.
എതിരാളിയെ അറിഞ്ഞുള്ള തന്ത്രം
വനിതാ വിഭാഗത്തില്‍ റെയില്‍വേസാണ് പ്രധാന എതിരാളി. റെയില്‍വേയുടെ ഓരോ കളിക്കാരുടെയും ശക്തിദൗര്‍ബല്യങ്ങള്‍ അറിഞ്ഞാണ് സദാനന്ദന് തന്ത്രങ്ങള്‍ തയ്യാറാക്കുന്നത്. റെയില്‍വേ ടീമിന്റെ കളിയുടെ നൂറുകണക്കിന് വീഡിയോകളാണ് പരിശീലകന്റെ കൈയിലുള്ളത്. അത് ഒട്ടേറെത്തവണ കണ്ടാണ് മറുതന്ത്രങ്ങള്‍ മെനയുന്നത്.
ഭാവിയിലേക്കുള്ള സ്മാഷ്
കിരീടങ്ങള്‍ വരുന്നുണ്ടെങ്കിലും കേരള വോളിയുടെ ന്യൂനതകള്‍ പരിശീലകന് ചൂണ്ടിക്കാട്ടുന്നു. ഗ്രാസ് റൂട്ട് തലത്തില്‍ കൃത്യമായ പരിശീലനം ലഭിക്കാത്തത് കളിക്കാരുടെ സാങ്കേതികത്തികവിനെ ബാധിക്കുന്നു. ഇത്തവണ വിജയിച്ച ടീമില്‍പ്പോലും ഇത്തരം പ്രതിസന്ധികളുണ്ടായിരുന്നു. എന്നാല്‍, ഒത്തിണക്കവും കളിക്കാരുടെ പോരാട്ടവീര്യവുംകൊണ്ട് ഇതിനെ മറികടന്നെന്ന് പരിശീലകന് വിലയിരുത്തുന്നു
ഹൈ പെര്‍ഫോമന്‍സ് മാനേജര്‍
വോളിബോളില്‍ സായിയുടെ ഹൈ പെര്‍ഫോമന്‍സ് മാനേജരായും സദാനന്ദന് പ്രവര്‍ത്തിക്കുന്നു. രാജ്യമെമ്പാടുമുള്ള കളിക്കാരെ ചെറുപ്രായത്തില്‍തന്നെ കണ്ടെത്തി വളര്ത്തിയെടുക്കുന്നതടക്കമുള്ള ചുമതലകള്‍ ഇതില്‍വരും. ഇതിനുപുറമേ വോളിബോളിനായി തിരുവനന്തപുരത്തുള്ള നാഷണല്‍ സെന്റര്‍ ഓഫ് എക്സെലന്‍സിന്റെ മുഖ്യപരിശീലകനുമാണ്. തിരുവനന്തപുരത്താണ് താമസം. അമ്മ സുലക്ഷണയും ഭാര്യ ഷബ്നയും. മകന് ഘനശ്യാം.
Content Highlights: Kerala women's volleyball team has won seven trophies in four years under sadanandan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..