സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സി.വി. അനുരാഗും വനിതകളുടെ 100 മീറ്ററിൽ എസ്.മേഘയും ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പാലക്കാട് ബഹുദൂരം മുന്നില്‍. 13 സ്വര്‍ണം നേടിയ പാലക്കാട് 109 പോയന്റ് നേടി. രണ്ടാമതുള്ള എറണാകുളത്തിന് 54 പോയിന്റുണ്ട്. മലപ്പുറം (45) മൂന്നാമതും കോഴിക്കോട് (36) നാലാം സ്ഥാനത്തുമുണ്ട്. ട്രാക്കില്‍ റെക്കോഡ് പിറക്കാത്ത രണ്ടാം ദിനം ആശ്വാസമായത് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍കോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പാര്‍വണ ജിതേഷിന്റെ നേട്ടമാണ്. 10.11 മീറ്ററിലേക്ക് ഷോട്ട് പായിച്ച പാര്‍വണ 2019-ല്‍ ഹെനിന് എലിസബത്ത് (9.54 മീറ്റര്‍) സ്ഥാപിച്ച റെക്കോഡ് മറികടന്നു. 100 മീറ്റര്‍ സീനിയര്‍ വിഭാഗങ്ങളില്‍ എസ്. മേഘയും സി.വി.അനുരാഗും സ്വര്‍ണം നേടി അതിവേഗക്കാരായി.
സ്കൂളില്‍ ഐഡിയല്‍
കടകശേരി ഐഡിയല്‍ സ്കൂളിന്റെ മുന്നേറ്റമാണ് മലപ്പുറത്തിന്റെ കരുത്ത്. സ്കൂള്‍ പോയിന്റ് പട്ടികയില്‍ ഐഡിയല്‍ സ്കൂളാണ് (37) ഒന്നാമത്. കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ 30 പോയന്റുമായി രണ്ടാമതുണ്ട്. പാലക്കാട് കെ.എച്ച്.എസ്. കുമരംപുത്തൂര്‍ 28 പോയന്റുമായി മൂന്നാം സ്ഥാനത്ത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് 21 പോയന്റുമായി നാലാമത്.
ഡബിള്‍ തിളക്കം
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ടിലും ഡിസ്കസിലും പാര്‍വണ ജിതേഷ് (കുട്ടമത്ത് സ്കൂള്‍), സീനിയര്‍ വിഭാഗത്തില്‍ ഡിസ്കസിലും ഷോട്ടിലും അഖിലരാജു (ചീമേനി എച്ച്.എസ്.എസ്.), ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ടിലും ഡിസ്കസിലും വി.എസ്. അനുപ്രിയ (എളംപച്ചി വി.സി.എസ്.) എന്നിവര്‍ ഡബിള്‍ നേടി.
മിന്നിച്ച്, മേഘ അനുരാഗ്
സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ അതിവേഗപ്പട്ടം എസ്.മേഘയ്ക്കും സി.വി.അനുരാഗിനും. രണ്ടാം ദിവസം സന്ധ്യക്കു നടന്ന സീനിയര്‍ 100 മീറ്റര്‍ മത്സരത്തില്‍ ഇരുവരും സ്വര്‍ണം നേടി. 12.23 സെക്കന്‍ഡിലാണ് മേഘയുടെ വിജയമെങ്കില്‍ 10.90 സെക്കന്‍ഡിലാണ് അനുരാഗ് ഒന്നാമതെത്തിയത്. പാലക്കാട് പുളിയമ്പറമ്പ് സ്കൂള്‍ വിദ്യാര്‍ഥിനിയായ മേഘ കൊടുന്തിരപ്പള്ളി മലയാറ്റില്‍ സുരേഷ് ബാബുവിന്റെയും രജിതയുടെയും മകളാണ്.
തിരുവനന്തപുരം ജി.വി.രാജായുടെ താരമായ അനുരാഗ് കോഴിക്കോട് കുറ്റ്യാടി ചാത്തന്‍വീട്ടില്‍ രാഘവന്റെയും വിമലയുടെയും മകനാണ്. ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് അനുരാഗിന്റെ നേട്ടം. വെള്ളി നേടിയ മലപ്പുറത്തിന്റെ മുഹമ്മദ് ഷാന്‍ 10.91 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. മീറ്റിലെ മൂന്നാം ദിനമായ തിങ്കളാഴ്ച 29 ഇനങ്ങളില്‍ ഫൈനലുണ്ട്.
Content Highlights: Kerala State School Athletics Meet 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..