ന്യൂഡല്‍ഹി: 2021-ല്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റും മണിപ്പൂരിന്റെ ആയോധനകലയായ താങ് തായും ഇടം നേടി. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

ഹരിയാണയിലെ പഞ്ച്കുളയിലാണ് 2021-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുക. കളരിപ്പയറ്റിനെക്കൂടാതെ പഞ്ചാബിന്റെ ഗട്ക, മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കണ്ടുവരുന്ന മല്ലഖംബ തുടങ്ങിയ ആയോധന കലകളും യൂത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. നേരത്തേ യോഗാസനവും ഒരു മത്സര ഇനമാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

'ഇന്ത്യയുടെ പലഭാഗങ്ങളിലുമായി ഏറെ പഴക്കം ചെന്ന നിരവധി ആയോധന കലകളുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അത്തരം കലകളെ കായികലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരും. അതിന്റെ ഭാഗമായാണ് കളരിപ്പയറ്റ്, മല്ലഖംബ, ഗട്ക, താങ് താ തുടങ്ങിയ ആയോധനകലകള്‍ ഖേലോ ഇന്ത്യയുടെ ഭാഗമായത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആയോധനകലകളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. ' കായികമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. 

Content Highlights: Kalarippayattu and Thang-Ta to feature at Khelo India 2021