കിഴക്കമ്പലം: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിന്റെ പേരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു.

പള്ളിക്കര ചന്തമൈതാനമാണ് ഇന്‍ഡോര്‍ സ്റ്റേഡിയമാക്കുന്നത്. ഒരുമാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. ഇതിന് 25 ലക്ഷം രൂപ ബി.പി.സി.എല്ലിന്റെ വകയായും 15 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും ലഭ്യമാകുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. 

ശ്രീജേഷിന് കുന്നത്തുനാട് പഞ്ചായത്ത് സ്വീകരണം ഒരുക്കിയപ്പോള്‍ വിശിഷ്ടാതിഥിയായിരുന്ന അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുന്നത്തുനാട് പഞ്ചായത്തില്‍ ശ്രീജേഷിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയാകാതെ വൈകുകയായിരുന്നു. 

അനുയോജ്യമായ സ്ഥലം പലയിടത്തും തേടിയെങ്കിലും മറ്റൊരിടം കണ്ടെത്താനായില്ല. നിലവില്‍ ചന്തമൈതാനിയില്‍ വോളിബോള്‍ കളിയും പരിശീലനവും പള്ളിക്കര സ്‌പോര്‍ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇവിടെ പരിശീലനം നേടിയ വിദ്യാര്‍ഥികളില്‍ പലരും സംസ്ഥാനതലത്തില്‍ മികവുതെളിയിച്ചിട്ടുണ്ട്.

കുന്നത്തുനാട് - കിഴക്കമ്പലം പഞ്ചായത്തിലുള്ളവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വിവിധ കായികയിനങ്ങളില്‍ മികവുതെളിയിച്ചവരാണ്. വോളിബോള്‍, ഫുട്ബോള്‍ എന്നിവയിലായിരുന്നു കൂടുതല്‍ പേരും ശ്രദ്ധിച്ചിരുന്നത്. കിഴക്കമ്പലം മാര്‍ക്കറ്റ് മൈതാനിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റ് നടന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഫെഡറേഷന്‍ കപ്പ് വോളിബോളും കിഴക്കമ്പലത്ത് നടന്നിരുന്നു. കിഴക്കമ്പലത്ത് സ്റ്റേഡിയം നിര്‍മാണം അത്യാവശ്യമായിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് എം.ജി.എം. ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പേരില്‍ കിഴക്കമ്പലം ചന്തമൈതാനിയില്‍ വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത് വ്യാപാര സമുച്ചയങ്ങള്‍ക്കായി സ്ഥലം പ്രയോജനപ്പെടുത്തിയപ്പോള്‍ സൗകര്യങ്ങള്‍ ഇല്ലാതായതോടെയാണ് കിഴക്കമ്പലത്തെ വോളിബോള്‍ കളി നിന്നുപോയത്.

കായികാവശ്യത്തിന് സ്റ്റേഡിയം ഒരുക്കിയാല്‍ യുവതലമുറയ്ക്ക് ഒത്തുചേരാനും വിവിധ കായികയിനങ്ങളില്‍ പരിശീലനം നേടി മികവുതെളിയിക്കാന്‍ ആവുമെന്നും പ്രീമിയര്‍ ടയേഴ്സിന്റെ ഫുട്ബോള്‍ ടീം ഗോള്‍ കീപ്പറായിരുന്ന കെ.ജെ. ചാക്കോ പറഞ്ഞു.

Content Highlights: Indoor Stadium comes in the name of Olympic medalist PR Sreejesh