പടിഞ്ഞാറത്തറ: ലോക്ഡൗണ്‍ കാരണം വീട്ടിലാണെങ്കിലും പരിശീലനത്തില്‍ വിട്ടുവീഴ്ചയില്ല ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ പി.എസ്. ജീനയ്ക്ക്. മാര്‍ച്ച് ഒമ്പതുവരെ കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ അഖിലേന്ത്യാ ടൂര്‍ണമെന്റിലായിരുന്നു ജീന. മത്സരം കഴിഞ്ഞ് കുറച്ചുദിവസത്തെ അവധിക്ക് പന്തിപ്പൊയില്‍ ബപ്പനമലയിലെ വീട്ടിലെത്തി. ലോക്ഡൗണ്‍ കാരണം പിന്നെ വീട്ടില്‍ തന്നെയായി. പുറത്തെങ്ങും പോകാതെ വീട്ടില്‍ത്തന്നെ കഴിഞ്ഞ് ലോക്ഡൗണിനോട് പൂര്‍ണമായും സഹകരിക്കുകയാണ് ജീനയും.

ബാസ്‌കറ്റ് ബോള്‍ താരമായ സഹോദരി ജസ്​ലിക്കൊപ്പമാണ് ജീനയുടെ വീട്ടിലെ പരിശീലനം. അതിനായി റിങ്ങ് ഉള്‍പ്പെടെ വീട്ടുമുറ്റത്ത് സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ മുടങ്ങാതെ വ്യായാമം. വൈകുന്നേരമാണ് ബാസ്‌കറ്റ് ബോള്‍ പരിശീലനം.

അതിനിടയ്ക്കുള്ള സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കും. ടൂര്‍ണമെന്റും പരിശീലനവുമൊക്കെയായി എപ്പോഴും തിരക്കിലായിരിക്കും. അധികദിവസങ്ങള്‍ വീട്ടിലുണ്ടാകാറില്ല. രണ്ടോമൂന്നോ ദിവസത്തെ അവധിക്ക് വരികയാണ് പതിവ്. അപ്പോള്‍ എല്ലാവരും വീട്ടില്‍ ഉണ്ടാകണമെന്നില്ല.

ഒരുപാട് കാലത്തിന് ശേഷമാണ് ഇപ്പോള്‍ എല്ലാവരും ഒത്തുകൂടിയത്. അതുകൊണ്ട് കുടുംബത്തോടൊപ്പമുള്ള സമയം ആസ്വദിക്കുകയാണെന്നും ജീന പറയുന്നു. ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റും പരിശീലനവുമൊക്കെയായുള്ള തിരക്കില്‍ വായന, എഴുത്ത് എന്നിവയൊക്കെ കൈവിട്ടുപോയിരുന്നെന്നും ജീന പറയുന്നു. ഈ അവധിദിനങ്ങള്‍ ഇവയെല്ലാം തിരികെക്കൊണ്ടുവരാനും കൂടി ഉപയോഗിക്കുകയാണ്.

നമ്മുടെ നാടിനുവേണ്ടി സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അവധിദിനങ്ങള്‍ പാഴാക്കാതെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്നും ജീന പറയുന്നു.

Content Highlights: Indian Women Basketball Team Captain PSJeena Practices From Home Due to Covid LockDown