ബെര്‍ലിന്‍: ജര്‍മനിയില്‍ വെച്ചുനടന്ന കോളോഗ്നെ ബോക്‌സിങ് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒന്‍പത് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഇടിച്ചുനേടിയത്. 

ഇന്ന് പുലര്‍ച്ചേ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ വനിതാ ബോക്‌സര്‍മാരായ സിമ്രാന്‍ജീത്ത് കൗറും മനീഷ മൗനും സ്വര്‍ണം നേടി. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിലാണ് സിമ്രാന്‍ജീത്ത് മത്സരിച്ചത്. മനീഷ 57 കിലോഗ്രാം വിഭാഗത്തില്‍ പോരാടി. മനീഷ മറ്റൊരു ഇന്ത്യന്‍ താരമായ സാക്ഷി ചൗധരിയെയാണ് തോല്‍പ്പിച്ചത്. ഇതോട ഈ ഇനത്തിലെ സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കി.

സിമ്രാന്‍ജീത്ത് ജര്‍മനിയുടെ നായ ക്ലെയിന്‍ഹാന്‍സിനെയാണ് കീഴടക്കിയത്. പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സതീഷ് കുമാര്‍ പരിക്കുമൂലം ഫൈനലില്‍ നിന്നും പിന്മാറിയതോടെ താരത്തിന് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ശനിയാഴ്ച ഇന്ത്യയുടെ അമിത് പംഗല്‍ പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു.

ലോകകപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനമാണ് നേടിയത്. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. ഇന്ത്യയെക്കൂടാതെ ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, മോള്‍ഡോവ, നെതര്‍ലന്‍ഡ്, പോളണ്ട്, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ്  ലോകകപ്പില്‍ പങ്കെടുത്തത്. 

Content Highlights: Indian boxers end World Cup campaign with 9 medals