
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
പി.വി സിന്ധു, പുല്ലേല ഗോപിചന്ദ്, പ്രകാശ് പദുക്കോൺ | Photo: PTI
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വനിതാവിഭാഗത്തില്‍ വെങ്കലം, 2016 റിയോയില്‍ വെള്ളി, 2020-ല്‍ ടോക്കിയോയില്‍ വെങ്കലം... ലോകചാമ്പ്യന്‍ഷിപ്പിലെ വനിതാവിഭാഗത്തില്‍ 2013-ലും 2014-ലും വെങ്കലം, 2015-ലും 2017-ലും വെള്ളി, 2017-ല്‍ വെങ്കലവും, 2018-ല്‍ വെള്ളി, 2019-ല്‍ വനിതകളില്‍ സ്വര്‍ണവും പുരുഷന്മാരില്‍ വെങ്കലവും, ഇപ്പോഴിതാ പുരുഷവിഭാഗത്തില്‍ ഈവര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ടു മെഡലുകള്‍... ലോകറാങ്കിങ്ങില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഒന്നാം റാങ്ക് വരെയെത്തിയ നേട്ടങ്ങള്‍... കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍, ലോകവേദികളില്‍ തിളങ്ങിക്കൊണ്ടേയിരിക്കുകയാണ്.
''കഴിവുള്ള ഒരുപറ്റം താരങ്ങളുള്ളപ്പോള്‍ അതില്‍നിന്ന് ഒരു ചാമ്പ്യനെ വാര്‍ത്തെടുക്കാന്‍ എളുപ്പമാണ്. മലേഷ്യയിലും ഇന്‍ഡൊനീഷ്യയിലും ചൈനയിലുമൊക്കെ അതാണു സംഭവിച്ചത്''- പറയുന്നത് ഇതിഹാസതാരം പ്രകാശ് പദുക്കോണ്‍. ശരിയാണ്, ഇന്ത്യന്‍ ബാഡ്മിന്റണില്‍ കഴിവുള്ള ഒരുപറ്റം താരങ്ങളുണ്ട്. സൈന നേവാളില്‍ തുടങ്ങി പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്, ജ്വാലാ ഗുട്ട, സായ് പ്രണീത്, ലക്ഷ്യ സെന്‍ എന്നിവരിലൂടെ ആ നിര പുതുക്കിക്കൊണ്ടേയിരിക്കുന്നു... ഇതില്‍ സനേവ് തോമസിനെയും വി. ദിജുവിനെയും എച്ച്.എസ്. പ്രണോയിയെയും പോലുള്ള മലയാളിതാരങ്ങളുമുണ്ട്.
നിലവില്‍ ക്രിക്കറ്റ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ പേര്‍ കളിക്കുന്ന കായിക ഇനമായാണ് ബാഡ്മിന്റണ്‍ കരുതപ്പെടുന്നത്. സൈനയുടെയും സിന്ധുവിന്റെയുമൊക്കെ നേട്ടങ്ങള്‍ റാക്കറ്റെടുക്കാന്‍ കൂടുതല്‍പേരെ പ്രേരിപ്പിച്ചു. മുമ്പ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ നേടിയിട്ടുള്ള പ്രകാശ് പദുക്കോണും (ലോക ഒന്നാംറാങ്കും) പുല്ലേല ഗോപിചന്ദും തങ്ങളുടെ കളിയിലൂടെ രാജ്യത്തിനു മാതൃകയായവരാണ്. ദേശീയടീമിന്റെ പരിശീലകരായും അക്കാദമികള്‍ സ്ഥാപിച്ചും അവര്‍ മുന്നില്‍നിന്നു നയിച്ചു. നിലവില്‍ മുന്‍നിരയിലുള്ള സിന്ധുവും ശ്രീകാന്തുമൊക്കെ ഉള്‍പ്പെടെ ഗോപിചന്ദ് അക്കാദമിയുടെ സന്തതികളോ നിലവില്‍ അവിടെ പരിശീലനം നേടുന്നവരോ ആണ്.
ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി 2012-ല്‍ സൈന നേവാള്‍ മാറിയതോടെയാണ് കോര്‍ട്ടില്‍ പുതുയുഗപ്പിറവിക്കു തുടക്കമായത്. അന്ന് വെങ്കലം നേടി സൈന ചരിത്രംകുറിച്ചു. 2015-ല്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തി സൈന കോര്‍ട്ടില്‍ വീണ്ടും ഷോട്ടുതിര്‍ത്തു.
റിയോ ഒളിമ്പിക്‌സില്‍ സിന്ധു ഇന്ത്യന്‍നേട്ടം വെള്ളിയാക്കിമാറ്റി വീണ്ടും ചരിത്രം രചിച്ചു. 2020-ല്‍ ടോക്കിയോയില്‍ വെങ്കല നേട്ടത്തോടെ സിന്ധു ഒരിക്കല്‍ക്കൂടി മുന്‍നിരയിലെത്തി. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍താരമായും സിന്ധു മാറി. 2019-ല്‍ ലോകകിരീടം നേടി സിന്ധു ഒരു പടികൂടി മുന്നില്‍ക്കയറി. മികച്ചപ്രകടനങ്ങളുടെ പിന്തുണയില്‍ 2017-ല്‍ ലോകറാങ്കിങ്ങില്‍ രണ്ടാമതെത്താനും സിന്ധുവിനായി.
പുരുഷവിഭാഗത്തില്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തി കിഡംബി ശ്രീകാന്ത് 2018-ല്‍ ലോകശ്രദ്ധയിലെത്തി. ഇപ്പോഴിതാ ലോകചാമ്പ്യന്‍ഷിപ്പിലെ മെഡല്‍നേട്ടത്തിലൂടെ വീണ്ടും രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു. 20 വയസ്സുകാരന്‍ ലക്ഷ്യ സെന്നും.
Content Highlights: Indian badminton has been shining on the world stage for the last decade
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..