ക്വാന്‍ടെന്‍ (മലേഷ്യ): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്കാണ് ഇന്ത്യ ചൈനയെ തകര്‍ത്തത്. ഈ ജയത്തോടെ നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു. മൂന്ന് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി മലേഷ്യയാണ് ഇന്ത്യക്ക് തൊട്ടുപിറകിലുള്ളത്. കഴിഞ്ഞമത്സരത്തില്‍ പാകിസ്താനെ 3-2 ന് ഇന്ത്യ തകര്‍ത്തിരുന്നു. 

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നാല് കളികളില്‍ നിന്ന് ചൈനയുടെ മൂന്നാമത്തെ തോല്‍വിയാണിത്. ജപ്പാനെതിരെ (2-1) മാത്രമാണ് ചൈനയ്ക്ക് ജയിക്കാനായത്. 

ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ ഇന്ത്യ 10-2 ന് വിജയിച്ചിരുന്നു. അതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. 

ഇന്ത്യയ്ക്കുവേണ്ടി അകാശ് ദീപ് സിങ്, അഫാന്‍ യൂസഫ്, ജസ്ജിത്ത് സിങ് കുലാര്‍ എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ നിക്കിന്‍ തിമ്മിയ്യ മൂന്ന് ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ ഇന്ത്യ രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകളും നേടി.