ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ മിക്‌സഡ് ടീം ഇനത്തില്‍ സഞ്ജീവ് രാജ്പുത്, തേജസ്വിനി സാവന്ത് ടീമാണ് സ്വര്‍ണം നേടിയത്. ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം പതിനൊന്നായി. പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍.

ഫൈനലില്‍ യുക്രെയിനിന്റെ സെറി കുലിഷ്-അന്ന ഇലിന ടീമിനെയാണ് അവര്‍ തോപിച്ചത്. സ്‌കോര്‍: 31-29. 1-3 എന്ന സ്‌കോറില്‍ പിന്നിട്ടുനിന്നശേഷമാണ് അവര്‍ തിരിച്ചുവന്നത്. 5-3 എന്ന ലീഡ് പിടിച്ചശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല. യോഗ്യതാ റൗണ്ടില്‍ 588 പോയിന്റാണ് ഇവര്‍ നേടിയത്.

ഇന്ത്യയുടെ തന്നെ ഐശ്വര്യ പ്രതാപ സിങ് തോമര്‍-സുനീധി ചൗഹാന്‍ ടീം വെങ്കലം നേടി. യു.എസ്. എയുടെ തിമോത്തി ഷെറി-വെര്‍ജീനിയ ത്രാഷര്‍ ടീമിനെയാണ് അവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 31-15.

Content Highight: India’s Sanjeev Rajput, Tejaswini Sawant win 50m rifle 3 positions mixed team gold