photo: twitter/Nikhat Zareen
ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെ ചരിത്രം കുറിച്ചാണ് ഇന്ത്യയുടെ നിഖാത് സരിന്‍ മടങ്ങിയത്. വനിതകളുടെ 50 കിലോ വിഭാഗത്തിലാണ് താരം സ്വര്‍ണം നേടിയത്. 2022 ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ 2023 ലും സ്വര്‍ണം നേടാനായതിന്റെ സന്തോഷത്തിലാണ് നിഖാത് സരിന്‍.
ഇപ്പോഴിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായതിന് പിന്നാലെ കിട്ടിയ സമ്മാനത്തുക ചിലവഴിക്കുന്നതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിഖാത് സരിന്‍. ലഭിച്ച സമ്മാനത്തുക മാതാപിതാക്കളെ ഉംറയ്ക്ക് അയക്കാനാണ് വിനിയോഗിക്കുകയെന്ന് അവര്‍ വ്യക്തമാക്കി. ഒരു ബെന്‍സ് കാര്‍ വാങ്ങണമെന്നതായിരുന്നു നിഖാതിന്റെ ആഗ്രഹം. എന്നാല്‍ താത്കാലികമായി ആ മോഹം മാറ്റിവെക്കുകയാണെന്ന് നിഖാത് സരിന്‍ അറിയിച്ചു. ഒരു ലക്ഷം യുഎസ് ഡോളറും മഹീന്ദ്രയുടെ ഥാറുമാണ് നിഖാത് സരിന് സമ്മാനമായി ലഭിച്ചത്.
'ഒരു ബെന്‍സ് കാര്‍ വാങ്ങണമെന്നതായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ഥാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതിനാല്‍ ബെന്‍സ് മോഹം തത്കാലത്തേക്ക് മാറ്റിവെക്കുകയാണ്. എനിക്ക് മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണം'- നിഖാത് സരിന്‍ പറഞ്ഞു.
ഫൈനലില്‍ വിയറ്റ്‌നാം താരമായ നുയന്‍ തി ടാമിനെ പരാജയപ്പെടുത്തിയാണ് നിഖാത് സരിന്‍ സ്വര്‍ണം നേടിയത്. ഇതോടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമായി നിഖാത് സരിന്‍ മാറി. മേരി കോമാണ് ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ താരം. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും നിഖാത് സരിന്‍ സ്വര്‍ണം നേടിയിരുന്നു.
Content Highlights: India's Nikhat Zareen wants to send her parents to perform Umrah with World Championship money
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..