.jpg?$p=79c0b37&f=16x10&w=856&q=0.8)
Photo: twitter.com/Media_SAI
ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന് ഇന്ത്യ. 73 വയസ് പ്രായമുള്ള ടീം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഫൈനല്‍. വെള്ളിയാഴ്ച നടന്ന സെമിയില്‍ 2016-ലെ ജേതാക്കളായ ഡെന്മാര്ക്കിനെ 3-2ന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് കിഡംബി ശ്രീകാന്ത്, സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, മലയാളി താരം എച്ച്.എസ് പ്രണോയ് എന്നിവര്‍ തന്നെയാണ് ഡെന്മാര്ക്കിനെതിരെയും ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. മെയ് 15 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്‍ഡൊനീഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.
സെമിയിലെ ആദ്യ സിംഗിള്‍സ് മത്സരത്തില്‍ ലക്ഷ്യ സെന്‍ ഡെന്മാര്ക്ക് താരം വിക്ടറിനോട് തോറ്റു (13-21, 13-21). തുടര്‍ന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ സാത്വിക് സായ്രാജ് രെങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആസ്ട്രപ് - ക്രിസ്റ്റ്യന്സന് സഖ്യത്തെ പരാജയപ്പെടുത്തി (21-18, 21-23, 22-20). തുടര്‍ന്ന് കിഡംബി ശ്രീകാന്ത് ഡെന്മാര്ക്ക് താരം ആന്ഡ്രേസിനെ പരാജയപ്പെടുത്തി (21-18, 12-21, 21-15). ഇതോടെ ഇന്ത്യ 2-1ന് ലീഡെടുത്തു. എന്നാല്‍ സ്കാറുപ് - സൊഗാര്‍ഡ് ഡബിള്‍സ് സഖ്യം കൃഷ്ണപ്രസാദ് ഗരാഗ- വിഷ്ണുവര്ധന് ഗൗഡ് പഞ്ചാല സഖ്യത്തെ പരാജയപ്പെടുത്തിയതോടെ (14-21, 13-21) സ്കോര്‍ 2-2 എന്ന നിലയിലായി. ഇതോടെ നിര്‍ണായകമായ അവസാന സിംഗിള്‍സ് മത്സരത്തില്‍ എച്ച്.എസ് പ്രണോയ്, റാസ്മസ് ഗെംകെയെ പരാജയപ്പെടുത്തി (13-21, 21-9, 21-12) ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചു.
നേരത്തെ അഞ്ചുവട്ടം ചാമ്പ്യന്മാരായ മലേഷ്യയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കി സെമിയില്‍ കടന്നതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ മെഡലുറപ്പിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..