ഉലാന്‍ഉദെ: ലോക ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ.  രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്. എന്നാല്‍ വിധിനിര്‍ണയത്തില്‍ റഫറിക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നിരസിച്ചു.

1-4 ന് മേരി പരാജയപ്പെട്ടുവെന്നായിരുന്നു മത്സരഫലം. ഇതില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ മേരി, ബോക്സിങ്കില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
 
ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം.  ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.

Content Highlights: India has appealed against the referee's decision which stated that Busenaz Cakiroglu of Turkey defeated Mary Kom