കാകാമിഖാറ: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. സിംഗപ്പൂരിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സ്വപ്‌നത്തുടക്കം. നവനീത് കൗര്‍, റാണി, നവജ്യോത് കൗര്‍ എന്നിവര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ലാല്‍റെംസിയാമി, ദീപ് ഗ്രെയ്‌സ് എക്ക, ഗുര്‍ജിത് കൗര്‍, സോണിക എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. 

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യക്ക് തുടര്‍ച്ചയായ പെനാല്‍റ്റികള്‍ ലഭിച്ചു. എന്നാല്‍ ആദ്യ പെനാല്‍റ്റി സിംഗപ്പൂര്‍ ഗോള്‍കീപ്പര്‍ ഫെലീസ ലായ് തടഞ്ഞു. എന്നാല്‍ മൂന്നാം മിനിറ്റില്‍ നവനീതും 15-ാം മിനിറ്റില്‍ റാണിയും ഇന്ത്യയ്ക്ക് രണ്ടു ഗോളിന്റെ മുന്‍തൂക്കം നല്‍കി. 

പിന്നീട് സിംഗപ്പൂരിന്റെ ഗോള്‍മുഖം ഇന്ത്യ വിറപ്പിച്ചുകൊണ്ടേയിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ നാല് ഗോളുകളാണ് പിറന്നത്. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ആറു ഗോളുമായി ഇന്ത്യ ആധിപത്യമുറപ്പിച്ചു. 

അവസാനം 50-ാം മിനിറ്റില്‍ നവജ്യോത് നേടിയ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മറ്റൊരു മത്സരത്തില്‍ ചൈന നാലിനെതിരെ അഞ്ചു ഗോളിന് മലേഷ്യയെ തോല്‍പ്പിച്ചു.