ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ ഓസീസ് താരം ഗ്രഹാം റെയ്ഡിനെ ഹോക്കി ഇന്ത്യ നിയമിച്ചു. 

ഹരേന്ദ്രസിങ്ങിന്റെ പിന്‍ഗാമിയായിട്ടാണ് ഈ 54-കാരന്‍ സ്ഥാനമേറ്റെടുക്കുന്നത്. റെയ്ഡ് വൈകാതെ ബെംഗളൂരുവില്‍ നടക്കുന്ന സായിയുടെ ദേശീയ ക്യാമ്പില്‍ വെച്ച് ടീമിനൊപ്പം ചേരും. 

ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന റെയ്ഡ് 1992-ല്‍ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ ടീമില്‍ കളിച്ച താരമാണ്. ഓസ്‌ട്രേലിയക്കായി 130 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരമാണ് റെയ്ഡ്. 1984, 1985, 1989, 1990 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ രണ്ടു തവണ വീതം ചാമ്പ്യന്‍സ് ട്രോഫി നേടിയ ഓസീസ് ടീമിലും റെയ്ഡ് ഉള്‍പ്പെട്ടിരുന്നു.

graham reid appointed indian mens hockey team coach

അടുത്തവര്‍ഷം അവസാനം വരെയാണ് റെയ്ഡിന്റെ കാലാവധി. ടീമിന്റെ പ്രകടനം മെച്ചമാണെങ്കില്‍ 2022 വരെ കരാര്‍ നീട്ടാനും കഴിയും. 2012-ല്‍ റെയ്ഡിന്റെ പരിശീലനത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചിരുന്നു. 2018-ല്‍ ലോകകപ്പില്‍ റണ്ണറപ്പായ ഹോളണ്ട് ടീമിന്റെ സഹപരിശീലകനുമായിരുന്നു.

 

Content Highlights: graham reid appointed indian mens hockey team coach