ഗായത്രി ഗോപീചന്ദിന്റേയും ട്രീസാ ജോളിയുടേയും വിജയാഘോഷം | Photo: twitter/ BWF
ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ ഡബിള്‍സിലും പുരുഷ സിംഗിള്‍സിലും മെഡലുറപ്പിച്ച് ഇന്ത്യ. വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളി-ഹൈദരാബാദ് താരം ഗായത്രി ഗോപീചന്ദ് സഖ്യം സെമി ഫൈനലിലെത്തി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും അവസാന നാലില്‍ ഇടംപിടിച്ചു.
ബെര്‍മിങ്ഹാമില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ടാം സീഡായ കൊറിയന്‍ സഖ്യം ലീ സോഹീ-ഷിന്‍ സ്യൂന്‍ചാന്‍ ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ഇരുവരും രണ്ടാം ഗെയിമില്‍ ആവേശപോരാട്ടം പുറത്തെടുത്തു. രണ്ടാം ഗെയിമില്‍ രണ്ടു മാച്ച് പോയിന്റുകളാണ് ഇന്ത്യന്‍ സഖ്യം അതിജീവിച്ചത്. സ്‌കോര്‍: 14-21, 22-20, 21-15.
ഇതോടെ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡി എന്ന റെക്കോഡ് 19-കാരി ഗായത്രിയും 18-കാരി ട്രീസയും സ്വന്തമാക്കി. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം ഗോപീചന്ദിന്റെ മകളാണ് ഗായത്രി.
നേരത്തെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ലക്ഷ്യാ സെന്നും സെമിയിലെത്തിയിരുന്നു. പരിക്കിനെ തുടര്‍ന്ന് എതിരാളി ലു ഗുവാങ് ക്വാര്‍ട്ടറില്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ലക്ഷ്യ സെമിയിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ലക്ഷ്യാ സെന്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് ആന്റന്‍സനെ അട്ടിമറിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്ന ലക്ഷ്യ ഈ വര്‍ഷം ആദ്യം ഇന്ത്യാ ഓപ്പണ്‍ കിരീടവും സ്വന്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യയുടെ മുന്‍നിര താരങ്ങളായ പി.വി. സിന്ധും കിദംബി ശ്രീകാന്തും സൈന നേവാളും രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായിരുന്നു.
Content Highlights: Gayatri Gopichand-Treesa Jolly, Lakshya Sen assured of bronze at All England Badminton
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..