സിമോണ ഹാലെപ് | Photo: AFP
പാരീസ്: അമേരിക്കയുടെ ഒമ്പതാം സീഡ് ഡാനിയെല്ലെ കോളിന്‍സ് മുന്‍ ചാമ്പ്യനും റൊമാനിയന്‍ താരവുമായ സിമോണ ഹാലെപ് എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ പുറത്തായി. അതേസമയം ബെലാറസിന്റെ ആര്യന സബലെങ്ക മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മാഡിസണ്‍ ബ്രെങ്ക്ലെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-1, 6-3) തകര്‍ത്താണ് സബലെങ്കയുടെ മുന്നേറ്റം.
അമേരിക്കയുടെ തന്നെ ഷെല്‍ബി റോജേഴ്സാണ് ഡാനിയെല്ലെ കോളിന്‍സിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-4, 6-3) കോളിന്‍സിന്റെ തോല്‍വി.
മറ്റൊരു മത്സരത്തില്‍ ചൈനീസ് താരം ക്വിന്‍വെന്‍ ഷെങ്ങാണ് രണ്ടാം റൗണ്ടില്‍ സിമോണ ഹാലെപ്പിനെ അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഹാലെപ്പിന്റെ തോല്‍വി. സ്കോര്‍: 2-6, 6-2, 6-1. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഗ്രാന്‍ഡ്സ്ലാം അരങ്ങേറ്റം കുറിച്ച ഷെങ്ങിന്റെ രണ്ടാമത്തെ മാത്രം മേജര്‍ ടൂര്‍ണമെന്റാണിത്.
നേരത്തെ എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയും രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. വിംബിള്‍ഡണ്‍ റണ്ണറപ്പായ പ്ലിസ്കോവയെ ഫ്രഞ്ച് താരം ലിയോലിയ ജീന്ജീനാണ് കീഴടക്കിയത് (6-2, 6-2). ലോക റാങ്കിങ്ങില്‍ 227-ാം സ്ഥാനമാണ് ലിയോലിയക്ക്.
ലോക ഒന്നാം നമ്പര്‍ താരമായ ഇഗ സ്വിയാടെക് മൂന്നാം റൗണ്ടിലെത്തി. അലിസണ് റിസ്കെയെയാണ് ഇഗ തോല്‍പ്പിച്ചത് (6-0, 6-2). മൂന്നാം സീഡ് സ്പെയിനിന്റെ പോളാ ബഡോസ, കസാഖ്സ്താന്റെ എലന റൈബാക്കിന എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.
പുരുഷവിഭാഗത്തില്‍ അഞ്ചാംലീഡ് റാഫേല്‍ നഡാല്‍, സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ്, രണ്ടാം സീഡ് ഡാനില്‍ മെദ്വദേവ് എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി. ഫ്രാന്‍സിന്റെ കൊരേണ്ടിന് മൗട്ടറ്റിനെയാണ് നഡാല്‍ കീഴടക്കിയത് (6-3, 6-1, 6-4). സ്പെയിനിന്റെ ആല്‍ബര്‍ട്ട് റാമോസിനെതിരേ അല്‍ക്കരാസ് ജയം കണ്ടു (6-1, 6-7, 5-7, 7-6, 6-4). സെര്‍ബിയയുടെ ലാസിയോ ദേരെയാണ് മെദ്വദേവ് തോല്‍പ്പിച്ചത് (6-3, 6-4, 6-3).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..