റാഫേൽ നദാൽ | Photo:MARTIN BUREAU, THOMAS SAMSON| AFP
പാരിസ്: ഇത്തവണയും കളിമണ്‍ കോര്‍ട്ടില്‍ എതിരാളികളില്ലാതെ സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍. ഞായറാഴ്ച നടന്ന ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് നദാല്‍ 13-ാം കിരീടം സ്വന്തമാക്കി. സ്‌കോര്‍: 6-0, 6-2, 7-5.
ജയത്തോടെ സ്വിസ് താരം റോജര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ്സ്ലാം വിജയങ്ങളെന്ന റെക്കോഡിന് ഒപ്പമെത്താനും നദാലിനായി. നദാലിന്റെ തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. റോളണ്ട് ഗാരോസില്‍ കളിച്ച 13 ഫൈനലുകളില്‍ താരത്തിന്റെ 13-ാം കിരീടം. ഇതോടൊപ്പം ഫ്രഞ്ച് ഓപ്പണില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡും നദാല്‍ സ്വന്തമാക്കി.
തികച്ചും ഏകപക്ഷീയമായിരുന്നു ഞായറാഴ്ച നടന്ന ഫൈനല്‍. രണ്ടു മണിക്കൂറും 43 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ജോക്കോവിച്ചിനെ നദാല്‍ മറികടന്നത്. 45 മിനിറ്റ് മാത്രം നീണ്ട ഓപ്പണിങ് സെറ്റ് 45 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയായിരുന്നു നദാലിന്റെ തുടക്കം. ഓപ്പണിങ് സെറ്റില്‍ ജോക്കോവിച്ച് തീര്‍ത്തും നിഷ്പ്രഭനായിപ്പോയി. രണ്ടാം സെറ്റിലും ആധിപത്യം തുടര്‍ന്ന നദാല്‍ 6-2ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിലാണ് ജോക്കോവിച്ചിന് ഒന്ന് പൊരുതി നോക്കാനെങ്കിലും സാധിച്ചത്.
കരിയറില്‍ 56 തവണ ഏറ്റുമുട്ടിയതില്‍ ജോക്കോവിച്ചിനെതിരേ നദാലിന്റെ 27-ാം വിജയമാണിത്. 16 ഗ്രാന്‍ഡ്സ്ലാം പോരാട്ടങ്ങളില്‍ 10-ാം വിജയവും. ഫ്രഞ്ച് ഓപ്പണില്‍ ഇതുവരെ പരസ്പരം എട്ടു തവണ ഏറ്റുമുട്ടിയതില്‍ നദാലിന്റെ ഏഴാം വിജയവും.
2016-ല്‍ കിരീടം നേടിയ ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലായിരുന്നു ഇത്. 27-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലും.
Content Highlights: French Open 2020 Rafael Nadal thrashes Novak Djokovic in final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..