ടോക്യോ: അതൊരു പ്രദര്‍ശന മത്സരം മാത്രമായിരുന്നു. എന്നാല്‍, ബോക്‌സിങ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ക്ക് ദാക്ഷിണ്യം ഒട്ടുമുണ്ടായില്ല. റിങ്ങില്‍ ഗ്ലൗസണിഞ്ഞുനിന്ന ജാപ്പനീസ് കിക്ക് ബോക്‌സര്‍ അഞ്ചു തവണ ലോക ഹെവി വെയ്റ്റ് ബോക്‌സിങ് കിരീടം ചൂടിയ മെയ്‌വെതറിന്റെ കൈക്കരുത്ത് ശരിക്കും അറിഞ്ഞു. വെറും 140 സെക്കന്‍ഡിലാണ് നാല്‍പത്തിയൊന്നുകാരനായ മെയ്‌വെതര്‍ ഇരുപതുകാരനായ തെന്‍ഷിന്‍ നസുക്കവയെ ഇടിച്ചിട്ടത്.

മൂന്ന് മിനിറ്റ് വീതമുളള മൂന്ന് റൗണ്ടുകളായിരുന്നു ധനശേഖരണാര്‍ഥം സംഘടിപ്പിച്ച മത്സരത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഈ മൂന്ന് റൗണ്ടിലും മെയ്‌വെതര്‍ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ തെന്‍ഷിന് കഴിഞ്ഞില്ല. ഒടുവില്‍ ഇടിയേറ്റ് വീണ് കണ്ണീര്‍ പൊഴിച്ചാണ് നസുകവ റിങ് വിട്ടത്. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് മത്സരം നടന്നത്. കിക്ക് ബോക്‌സിങ്ങില്‍ ഉള്ളതുപോലെ എതിരാളിയെ ചവിട്ടാന്‍ തെന്‍ഷിന്നിന് അവകാശമുണ്ടായിരുന്നില്ല. അങ്ങനെ ചെയ്താല്‍ അഞ്ച് ദശലക്ഷം ഡോളര്‍ പിഴ വീഴുമായിരുന്നു.

2015ല്‍ പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തു നിന്ന് വിരമിച്ച മെയ്‌വെതര്‍ 2017ല്‍ റിങ്ങില്‍ തിരിച്ചെത്തുകയും കോണര്‍ മെക്ഗ്രിഗറിനെ ഇടിച്ചിടുകയും ചെയ്തിരുന്നു. നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിൽ ഗ്രിഗറിന്റെ മുഖം രക്തത്തില്‍ കുളിച്ചാണ് ഗ്രിഗർ റിങ് വിട്ടത്.  അമേരിക്കയിലെ ലാസ് വേഗാസിലായിരുന്ന മെയ്​വെതറിന്റെ ഈ അമ്പതാം ബൗട്ട്.

ഇതുവരെ ഒരൊറ്റ മത്സരം പോലും തോല്‍ക്കാത്തവര്‍ എന്ന ഖ്യാതിയോടെയായിരുന്നു ഇരു യോദ്ധാക്കളും റിങ്ങില്‍ കയറിയത്. ഇതുവരെയായി 50 തവണ റിങ്ങില്‍ ഏറ്റുമുട്ടാനിറങ്ങിയ മെയ്‌വെതര്‍ക്ക് അമ്പതു തവണയും വിജയിച്ച ചരിത്രമേ ഉള്ളൂ.

വലിയ ആശയക്കുഴപ്പത്തിനിടയ്ക്കായിരുന്നു മത്സരം നടന്നത്. മത്സരത്തിന്റെ തൊട്ടു മുന്‍പ് വരെ മെയ്‌വെതറിനെ കണ്ടെത്താന്‍ കഴിയാതെ സംഘാടകര്‍ കുഴങ്ങിയതോടെ മത്സരം നടക്കുമോ എന്നു വരെ ആശങ്കയായിരുന്നു. പ്രൊഫഷല്‍ ബോക്‌സിങ്ങില്‍ നിന്ന് വിരമിച്ച മെയ്‌വെതര്‍ വിരമിച്ചു എന്നു വരെ സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നു.

ഞാന്‍ ഇപ്പോഴും അപരാജിതനാണ്. അതുപോലെ തന്നെ തെന്‍ഷിനും. ഒന്നാന്തരമൊരു യോദ്ധാവാണ് അയാള്‍. അയാള്‍ക്ക് ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ആവശ്യമുണ്ട്-മത്സരശേഷം മെയ്‌വെതര്‍ പറഞ്ഞു.

എന്നാല്‍, ഇത്തരമൊരു മത്സരം നടത്തിയതിനെതിരേയും വിമര്‍ശമുണ്ട്. ഈ തമാശ ബോക്‌സിങ്ങിന് ദോഷമേ ചെയ്യൂവെന്നാണ് ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലെ മുന്‍ ലോക ചാമ്പ്യന്‍ അമിര്‍ ഖാന്‍ പറഞ്ഞു.

വീഡിയോ കാണാം

Content Highlights: Floyd Mayweather Boxing Japanese kickboxer Tenshin Nasukawa