Photo: AP
മെല്‍ബണ്‍: കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ സമ്മതിച്ച് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഇമിഗ്രേഷന്‍ ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോള്‍ ഒരു മാധ്യമറിപ്പോര്‍ട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു. ഇതോടെ ജോക്കോവിച്ചിനെ ഓസ്ട്രേലിയയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചയക്കാനുള്ള സാധ്യതയേറി. തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ, ഓസ്ട്രേലിയന്‍ ഓപ്പണില്‍ സര്‍വത്ര ആശയക്കുഴപ്പമാണ്.
വാക്സിനെടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍വന്ന ജോക്കോവിച്ചിന്റെ വിസ മെല്‍ബണ്‍ വിമാനത്താവളത്തില്‍വെച്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അഭയാര്‍ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. അഞ്ചുദിവസത്തിനുശേഷം കോടതിവിധിയെ തുടര്‍ന്നാണ് താരത്തെ മോചിപ്പിച്ചത്. അതേസമയം, ജോക്കോയുടെ വിസ വീണ്ടും റദ്ദാക്കാന്‍ കുടിയേറ്റമന്ത്രിക്ക് അധികാരമുണ്ട്.
ഡിസംബര്‍ 16-ന് താന്‍ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിന്‍ എടുക്കാതിരുന്നത് എന്നാണ് ജോക്കോ വാദിച്ചത്. എന്നാല്‍, അതിന്റെ പിറ്റേന്ന് ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീടാണ് റിപ്പോര്‍ട്ടറുമായി സംസാരിച്ചതും ഐസൊലേഷന്‍ ലംഘിച്ചതും സ്ഥിരീകരിച്ചത്. ഇമിഗ്രേഷന്‍ ഫോമില്‍, രണ്ടാഴ്ചയ്ക്കിടെ യാത്രകള്‍ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നല്‍കിയ മറുപടി. എന്നാല്‍, സ്‌പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകള്‍ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുര്‍ഘടകാലത്ത് ഇത്തരം തെറ്റുകള്‍ സംഭവിക്കും എന്നാണ് അദ്ദേഹത്തിന്റെ ന്യായം.
അനുവദിച്ചാല്‍ത്തന്നെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ താരം സജ്ജനാണോ എന്നതാണ് മറ്റൊരു ചോദ്യം. അഞ്ചുദിവസം തടവിലെന്നപോലെയായിരുന്നു താരം. 17-നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.
Content Highlights: Djokovic says he was wrong Confusion at the Australian Open
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..