കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീം അംഗങ്ങൾ | Photo: twitter.com|KBS_VC
ഹൈദരാബാദ്: കോവിഡ് ലോക്ഡൗണില്‍ തണുത്തുകിടന്നിരുന്ന കായികമേഖലയ്ക്ക് ആവേശത്തിന്റെ ചൂടുപകര്‍ന്ന് പ്രൈം വോളിബോള്‍ ലീഗിന് ശനിയാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഹൈദരാബാദ് ബ്ലാക്ക് ഹോക്സും തമ്മില്‍ രാത്രി ഏഴിനാണ് ഉദ്ഘാടനമത്സരം. ഇന്ത്യന്‍ വോളിബോളിന് പ്രൊഫഷണലിസത്തിന്റെ മുഖം സമ്മാനിക്കുന്ന ലീഗിന് ആദ്യം കൊച്ചിയാണ് വേദിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഹൈദരാബാദിലേക്കു മാറ്റുകയായിരുന്നു. കേരള ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനും കാലിക്കറ്റ് ഹീറോസിനും പുറമേ ഹൈദരാബാദ് ബ്ലാക്ക് ഹോക്്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ് എന്നിവരും ലീഗില്‍ പങ്കെടുക്കുന്നുണ്ട്.
കൊച്ചി സെറ്റാണ്
ശനിയാഴ്ച ഉദ്ഘാടനമത്സരത്തില്‍ ഹൈദരാബാദിനെ നേരിടുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ഇന്ത്യന്‍ അന്താരാഷ്ട്ര താരമായ എ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമില്‍ മിഡില്‍ ബ്ലോക്കര്‍ ദീപേഷ് കുമാര്‍ സിന്‍ഹയുടെയും അണ്ടര്‍-19 ലോകചാമ്പ്യന്‍ഷിപ്പില്‍ മികച്ച രണ്ടാമത്തെ ലിബറോക്കുള്ള പുരസ്‌കാരംനേടിയ തമിഴ്നാട്ടുകാരന്‍ സി. വേണുവിന്റെയും സാന്നിധ്യമുണ്ട്. ഇവര്‍ക്കൊപ്പം മലയാളി താരങ്ങളായ അഷാം അലിയും ടി.ആര്‍. സേതുവും ബി.എസ്. അഭിനവും അബ്ദുല്‍ റഹീമും എറിന്‍ വര്‍ഗീസും ചേരുന്നതോടെ യുവത്വത്തിന്റെ ആവേശംതുളുമ്പുന്ന ടീമായി കൊച്ചി മാറുന്നുണ്ട്.
കോവിഡ് കടന്ന് അമേരിക്ക
അമേരിക്കന്‍ താരങ്ങളായ കോഡി കാല്‍ഡ്വെലും കോള്‍ട്ടണ്‍ കോവെലും കോവിഡ് മുക്തരായി ടീമിലെത്തിയതിന്റെ സന്തോഷത്തിലാണ് ബ്ലൂ സ്‌പൈക്കേഴ്സ്. കൊച്ചി ടീം ജനുവരി 26-ന് ഹൈദരാബാദിലെത്തിയെങ്കിലും കോഡി 30-നും കോള്‍ട്ടണ്‍ 31-നുമാണ് എത്തിയത്. ഇരുവരും ഫിറ്റ്നസ് അല്പംപോലും കുറയാതെയാണ് കളിക്കാനെത്തിയിരിക്കുന്നതെന്ന് ബ്ലൂ സ്‌പൈക്കേഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു പറഞ്ഞു.
ഫെബ്രുവരി 18-നാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റ് ഹീറോസും തമ്മിലുള്ള കേരള ഡര്‍ബി അരങ്ങേറുന്നത്. ഫെബ്രുവരി 8-ന് ബെംഗളൂരു ടോര്‍പ്പിഡോസ്, 16-ന് ചെന്നൈ ബ്ലിറ്റ്സ്, 22-ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, 23-ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് എന്നിങ്ങനെയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ മറ്റുമത്സരങ്ങള്‍. കാലിക്കറ്റ് ഹീറോസ് 7-ന് ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സിനെ നേരിടും. 9-ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, 14-ന് ബെംഗളൂരു ടോര്‍പ്പിഡോസ്, 17-ന് ചെന്നൈ ബ്ലിറ്റ്സ്, 21-ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് എന്നിങ്ങനെയാണ് ലീഗ് ഘട്ടത്തില്‍ കാലിക്കറ്റിന്റെ മറ്റുമത്സരങ്ങള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..