ലോക ചെസ്സ് ഒളിമ്പ്യാഡിന് തിരശ്ശീല ഉയരുമ്പോള്‍ 


ചെസ് ഒളിമ്പ്യന്‍ എന്‍.ആര്‍. അനില്‍കുമാര്‍CHESS OLYMPIAD

തുരംഗം പിറന്ന മണ്ണിലേക്ക് ഇദംപ്രഥമമായി ലോക ചെസ്സ് ഒളിമ്പ്യാഡ് എന്ന മഹാ ഉത്സവം വന്നെത്തുകയാണ് . ഈ വരുന്ന ജൂലായ് 28 മുതല്‍ ആഗസ്ത് 10 വരെ ചെന്നൈയിലെ മഹാബലിപുരത്തോടുള്ള ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ ലോകത്തെ ഏറ്റവും മികച്ച ചെസ്സ് രാഷ്ട്രം ഏതെന്ന് നിശ്ചയിക്കാനുള്ള അഭിമാനപോരാട്ടങ്ങള്‍ക്കായി 187 പുരുഷടീമുകളും 162 വനിതാടീമുകളും വന്നെത്തും. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ ഇതൊരു സര്‍വ്വകാല റെക്കോര്‍ഡാണ്.

ചെസ്സ് ഒളിമ്പ്യാഡിന്റെ പ്രാധാന്യം

ഫുട്‌ബോളില്‍ ഫിഫാ ലോകകപ്പ് മത്സരത്തിനും ക്രിക്കറ്റില്‍ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരത്തിനും സമാനമാണ് ചെസ്സില്‍ ലോക ചെസ്സ് ഒളിമ്പ്യാഡ് മത്സരങ്ങള്‍. ഘടനാപരമായി ചെസ്സ് ഒളിമ്പ്യാഡ് മറ്റു സമാന ലോക മത്സരങ്ങളേക്കാള്‍ ഒരു പടി കൂടി മുന്നോട്ട് പോകുന്നു. മറ്റു കായികവിനോദങ്ങളില്‍ പ്രാഥമിക മത്സരങ്ങള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നടന്ന ശേഷം തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ മാത്രം അവസാന വിശ്വകിരീട പോരാട്ടങ്ങള്‍ക്കായി മത്സരവേദിയില്‍ വന്നെത്തുമ്പോള്‍ ചെസ്സ് ഒളിമ്പ്യാഡില്‍ എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ (അതും പുരുഷടീമുകളും വനിതാടീമുകളും) ഒരേ വേദിയില്‍ മാറ്റുരക്കാനായെത്തുന്നു. ലോകചെസ്സിലെ ഏറ്റവും കരുത്തരായ ആയിരത്തി എഴുന്നൂറില്‍പരം താരങ്ങള്‍ ഒരൊറ്റ മത്സരവേദിയില്‍ അണിനിരക്കുന്നു.

ചരിത്രം

1924 ല്‍ പാരീസിലാണ് അനൗദ്യോഗികമായി ലോക ചെസ്സ് ഒളിമ്പ്യാഡ് അരങ്ങേറിയത്. 18 ടീമുകള്‍ മാത്രം പങ്കെടുത്ത പ്രസ്തുത മത്സരത്തില്‍ ചെക്കോസ്ലാവാക്ക്യ , ഹംഗറി , സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാഷ്ട്രങ്ങളാണ് യഥാക്രമം സ്വര്‍ണ്ണ , വെള്ളി, വെങ്കല മെഡലുകള്‍ കരസ്ഥമാക്കിയത്. വേനല്‍ക്കാല ഒളിമ്പിക്‌സ് പാരീസില്‍ നടക്കുന്നതിന് സമാന്തരമായാണ് ചെസ്സ് ഒളിമ്പ്യാഡ് സംഘടിപ്പിക്കപ്പെട്ടത് എന്നതും ഈ ചെസ്സ് ഒളിമ്പ്യാഡിന്റെ സമാപനദിവസമായ 1924 ജൂലായ് 20 നാണ് അവിടെ വെച്ച് ലോക ചെസ്സ് ഫെഡറേഷന്‍ (ഫിഡെ ) സ്ഥാപിതമായത് എന്നതും ഈ മത്സരത്തിന്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്നു. ജൂലായ് 20 എല്ലാ വര്‍ഷവും ലോക ചെസ്സ് ദിനമായി ആഘോഷിക്കപ്പെടുന്നു.

1927 ല്‍ ലോക ചെസ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ലണ്ടണില്‍ പ്രഥമ ഔദ്യോഗിക ലോക ചെസ്സ് ഒളിമ്പ്യാഡ് സംഘടിപ്പിക്കപ്പെടുന്നതോടെ ചെസ്സിന്റെ സാര്‍വ്വലൗകികമായ പ്രചാരത്തിന് തിരി കൊളുത്തപ്പെട്ടു. 16 രാജ്യങ്ങള്‍ പങ്കെടുത്ത പ്രസ്തുത ഒളിംപ്യാഡില്‍ അര്‍ജന്റീന മാത്രമായിരുന്നു യൂറോപ്പിന്റെ പുറത്തുനിന്നെത്തിയ ഏക രാഷ്ട്രം. ഹംഗറി, ഡെന്മാര്‍ക്ക്, ഗ്രേറ്റ് ബ്രിട്ടന്‍ എന്നിവര്‍ക്കായിരുന്നു യഥാക്രമം സ്വര്‍ണ്ണ, രജത, വെങ്കല മെഡലുകള്‍. 1931 മുതല്‍ ലോക ചെസ്സ് ഒളിമ്പ്യാഡ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മത്സരങ്ങളാക്കി ചിട്ടപ്പെടുത്തപ്പെട്ടു. 1934 ല്‍ അര്‍ജന്റീനയില്‍ നടന്ന ചെസ്സ് ഒളിമ്പ്യാഡിന് ശേഷം പിന്നീടുള്ള 10 വര്‍ഷക്കാലം ലോകമഹായുദ്ധം മത്സരങ്ങള്‍ക്ക് മുടക്കം സൃഷ്ടിച്ചു. യുദ്ധാനന്തരം 1950 ല്‍ ഉയിര്‍ത്തെഴുന്നേറ്റ ലോക ചെസ്സ് ഒളിമ്പ്യാഡ് പിന്നീട് എല്ലാ 2 വര്‍ഷങ്ങളിലും മുടക്കം കൂടാതെ 2020 വരെ അനുസ്യൂതം തുടര്‍ന്നു . ഫിഡെ കോവിഡ് കാലത്ത് ഓണ്‍ലൈനായി 2020ലും 2021ലും മത്സരങ്ങള്‍ സംഘടിപ്പിച്ചു. മഹാമാരിയെ അതിജീവിച്ച് ലോകം സ്വാഭാവികജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തിലാണ് മഹാബലിപുരത്ത് മുഖാമുഖപോരാട്ടങ്ങള്‍ക്കായി നാല്പത്തിനാലാം ചെസ്സ് ഒളിംപ്യാഡിന്റെ മത്സരവേദി ഒരുങ്ങുന്നത്.

വനിതകളുടെ ചെസ്സ് ഒളിമ്പ്യാഡ്

ആദ്യത്തെ ലോക വനിതാ ചെസ്സ് ഒളിമ്പ്യാഡ് സംഘടിപ്പിക്കപ്പെട്ടത് 1957 ല്‍ നെതര്‍ലാന്‍ഡ്സിലെ എമ്മന്‍ നഗരത്തില്‍ വെച്ചായിരുന്നു. ഓരോ ടീമിലും രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രസ്തുത മത്സരത്തില്‍ സോവിയറ്റ് യൂണിയന്‍ സ്വര്‍ണ്ണം നേടി. ആദ്യത്തെ 4 വനിതാ ചെസ്സ് ഒളിമ്പ്യാഡുകള്‍ പുരുഷ ചെസ്സ് ഒളിമ്പ്യാഡുകള്‍ക്കൊപ്പമല്ല നടന്നിരുന്നത്. 1972 ല്‍ സ്‌കോപ്യെയില്‍ നടന്ന ഇരുപതാം ചെസ്സ് ഒളിമ്പ്യാഡില്‍ ആണ് ഒരേ വേദിയില്‍ തന്നെ പുരുഷ ഒളിമ്പ്യാഡും വനിതാ ഒളിമ്പ്യാഡും നടത്തുക എന്ന പതിവ് തുടങ്ങിവെച്ചത്.

ഇന്ത്യ വേദിയാകുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നാല്പത്തിനാലാം ചെസ്സ് ഒളിമ്പ്യാഡിന്റെ ലോഗോയും മാസ്‌കോട്ടും ('തമ്പി') പ്രകാശിപ്പിച്ചപ്പോള്‍.

2022 ല്‍ റഷ്യയില്‍ നടക്കാനിരുന്ന ഒളിമ്പ്യാഡ് ഇന്ത്യയിലേക്ക് മാറ്റപ്പെട്ടത് അപ്രതീക്ഷിതമായി വന്നുഭവിച്ച റഷ്യ - ഉക്രൈന്‍ യുദ്ധം മൂലമായിരുന്നു. റഷ്യക്ക് പകരം മറ്റൊരു മത്സരവേദി തപ്പിക്കൊണ്ടിരുന്ന ലോകചെസ്സ്ഫെഡറേഷന് മുന്‍പില്‍ ചെസ്സ് ഒളിമ്പ്യാഡിന് ഭാരതം ആതിഥ്യം അരുളാന്‍ തയാറാണ് എന്ന വാഗ്ദാനം മുന്നോട്ട് വെച്ചത് ഓള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്റെ സെക്രട്ടറിയായ ഭാരത് സിംഗ് ചൗഹാനായിരുന്നു. എക്കാലത്തും ചെസ്സിനെ സര്‍വ്വാത്മനാ പ്രോത്സാഹിപ്പിച്ചട്ടുള്ള തമിഴകത്തിന്റെ ശക്തനായ ഭരണാധികാരി എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ മത്സരം നടത്തുവാന്‍ സന്നദ്ധനാകുകയും അതിനായി ഉടന്‍ 98 കോടി രൂപ അനുവദിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ ചെസ്സ് മത്സരത്തിനായി ബ്രഹത്തായ തയ്യാറെടുപ്പുകളാണ് ഇന്നവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ജൂണ്‍ 9 ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നാല്പത്തിനാലാം ചെസ്സ് ഒളിമ്പ്യാഡിന്റെ ലോഗോയും മാസ്‌കോട്ടും ('തമ്പി') പ്രകാശിപ്പിച്ചു . ജൂണ്‍ 19 ന് ലോകചെസ്സ്ഫെഡറേഷന്‍ പ്രസിഡന്റ് ആര്‍ക്കാഡി ഡ്വോര്‍ക്കോവിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചെസ്സ് ഒളിമ്പ്യാഡ് ദീപശിഖ കൈമാറുകയും അദ്ദേഹം അത് ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന് കൈമാറുകയും ചെയ്തതോടെ ചെസ്സിന്റെ ജന്മനാട്ടില്‍ ലോക ചെസ്സ് ഒളിമ്പ്യാഡ് പ്രയാണം ആരംഭിച്ചു. ദില്ലി മുതല്‍ കന്യാകുമാരി വരെ 74 നഗരങ്ങളിലൂടെ സഞ്ചരിച്ചശേഷം ചെസ്സ് ഒളിമ്പ്യാഡ് ദീപശിഖ ജൂലായ് 27 ന് മഹാബലിപുരത്തെ മത്സരവേദിയിലെത്തും. ജൂലായ് 21 തൃശൂരും 22 ന് തിരുവനന്തപുരവും വഴി ദീപശിഖ കടന്നുപോകും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചെസ്സ് ഒളിമ്പ്യാഡ് ദീപശിഖ കൈമാറുന്നു.

ചെസ്സ് ഒളിമ്പ്യാഡും ഇന്ത്യയും

1956 മോസ്‌ക്കോ ലോക ചെസ്സ് ഒളിമ്പ്യാഡിലാണ് ഇന്ത്യ തങ്ങളുടെ ചെസ്സ് ഒളിമ്പ്യാഡ് അരങ്ങേറ്റം കുറിച്ചത്. ആര്‍ ബി സാപ്രെ, രാംദാസ് ഗുപ്ത, ബി പി മൈശങ്കര്‍ , എസ് വെങ്കിട്ടരാമന്‍ എന്നിവരായിരുന്നു അന്നത്തെ ഇന്ത്യന്‍ ടീം അംഗങ്ങള്‍. 1980 മാള്‍ട്ട ചെസ്സ് ഒളിമ്പ്യാഡില്‍ ഭാരതത്തിന് അതിന്റെ ആദ്യത്തെ വ്യക്തിഗത പുരസ്‌കാരം ലഭിച്ചു. അസാമാന്യ നൈസര്‍ഗ്ഗിക പ്രതിഭയായ റഫീഖ് ഖാന്‍ മൂന്നാം ബോര്‍ഡിലെ മികച്ച പ്രകടനത്തിന് വെള്ളിമെഡല്‍ കരസ്ഥമാക്കി. ഒളിമ്പ്യാഡ് ചരിത്രത്തില്‍ ഭാരതം അവിസ്മരണീയമായ നേട്ടങ്ങള്‍ കുറിച്ചത് കോവിഡ് കാലഘട്ടത്തിലെ ഓണ്‍ലൈന്‍ ഒളിമ്പ്യാഡുകളിലായിരുന്നു. 2020 ല്‍ കരുത്തരായ റഷ്യക്കൊപ്പം ഭാരതം സ്വര്‍ണ്ണം പങ്കിട്ടപ്പോള്‍ 2021 ല്‍ ചൈനക്കൊപ്പം നമ്മള്‍ വെങ്കലമെഡല്‍ ജേതാക്കളായി.

ചെസ്സ് ഒളിമ്പ്യാഡും കേരളവും

ചെസ്സ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകളിച്ച ആദ്യത്തെ കേരളീയന്‍ 1982 ലൂസേണ്‍ ചെസ്സ് ഒളിംപ്യാഡില്‍ പങ്കെടുത്ത തൃശൂരില്‍ നിന്നുമുള്ള എന്‍ ആര്‍ അനില്‍കുമാര്‍ ആണ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എന്‍ ഗോപാല്‍ (എറണാകുളം ) 3 ചെസ്സ് ഒളിമ്പ്യാഡുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു - ഡ്രെസ്ഡന്‍ 2008, കാന്തി മന്‌സിസ്‌ക് 2010 ഇസ്താന്‍ബുള്‍ 2012. 2020 ല്‍ സ്വര്‍ണ്ണവും 2021 വെങ്കലവും പങ്കിട്ട് അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമുകളിലെ അംഗമായിരുന്നു യുവ ചെസ്സ് പ്രതിഭ നിഹാല്‍ സരിന്‍ (തൃശൂര്‍ ) . ഇത്തവണ കേരളത്തില്‍ നിന്ന് പുതിയൊരു യുവ ചെസ്സ് പ്രതിഭ ഇന്ത്യന്‍ ഏ ടീമില്‍ ഇടം പിടിച്ചിരിക്കുന്നു - തിരുവനന്തപുരത്തുകാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ എസ് എല്‍ നാരായണന്‍. ഇന്ത്യന്‍ ബി ടീമിലാണ് ഇത്തവണ നിഹാല്‍ കളിക്കുന്നത്. അതിനാല്‍ 2 കേരളതാരങ്ങളുടെ സാന്നിദ്ധ്യം നാല്പത്തിനാലാം ചെസ്സ് ഒളിമ്പ്യാഡിനെ മലയാളി സ്‌പോര്‍ട്ട്‌സ് പ്രേമികള്‍ക്ക് ഒന്നുകൂടി ആവേശകരമാക്കി മാറ്റുന്നു.

ഇന്ത്യയുടെ സാദ്ധ്യതകള്‍

ലോകചെസ്സ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണും വന്‍ താരങ്ങളായ ഫാബിയാനോ കരുവാനയും വെസ്ലി സോയും ലെവ് ആറോണിയനും മറ്റ് നിരവധി കരുത്തന്മാരും മഹാബലിപുരത്തെ ചെസ്സ് ഗോദയില്‍ അണിനിരക്കും എന്നിരിക്കെ ലോകത്തെ ചെസ്സ് വന്‍ ശക്തികളില്‍ ഒന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാധ്യതകള്‍ എന്ത് എന്നന്വേഷിക്കുന്നത് കൗതുകമുയര്‍ത്തുന്നു.
വനിതാ വിഭാഗത്തില്‍ ലോകത്തെ മുന്‍ നിര താരങ്ങളായ കൊനേരു ഹംപിയും ഹരിക ദ്രോണവല്ലിയും അടങ്ങുന്ന ഇന്ത്യന്‍ ടീമാണ് ഒന്നാമതായി സീഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഉക്രൈനും ജോര്‍ജിയയുമാണ് ഇന്ത്യക്കെതിരെ വെല്ലുവിളി ഉയര്‍ത്താവുന്ന ടീമുകള്‍. ഏറ്റവും കരുത്തരായ ചൈനയും റഷ്യയും പങ്കെടുക്കുന്നില്ല.
2022 ചെസ്സ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യ 3 ടീമുകളെ കളത്തിലിറക്കുന്നു. മികച്ച പ്രതിഭകള്‍ അടങ്ങുന്നതാണ് മൂന്ന് ടീമുകളും. ഒന്നാം സീഡ് അമേരിക്കയാണെങ്കിലും അട്ടിമറികള്‍ സൃഷ്ടിച്ച് കിരീടം നേടാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യന്‍ യുവതാരങ്ങള്‍. മെന്റ്റര്‍ എന്ന നിലക്കുള്ള ആനന്ദിന്റെ സാന്നിദ്ധ്യവും ഇന്ത്യന്‍ ടീമുകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും. രാഷ്ട്രീയ കാരണങ്ങളാല്‍ ശക്തരായ റഷ്യയും ചൈനയും പങ്കെടുക്കുന്നില്ല എന്നതും ഇന്ത്യയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കക്ക് പുറമെ അസര്‌ബൈജാനും ലോകചാമ്പ്യന്‍ കാള്‍സന്റെ നോര്‍വെയും ഇന്ത്യക്ക് വാന്‍ ഭീഷണികള്‍ തന്നെ.
ഏറ്റവും ശ്രദ്ധേയം ഇന്ത്യയുടെ ബി ടീമാണ്. ബി ടീമില്‍ ഇന്ത്യക്കായി കളിക്കുന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ ഗുകേഷ് ഡി (തമിഴ് നാട്), ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദ ആര്‍ (തമിഴ് നാട്), ഗ്രാന്‍ഡ് മാസ്റ്റര്‍ റൗണക് സാധ്വാനി (മഹാരാഷ്ട്ര) എന്നിവരുടെ പ്രായം വെറും 16 വയസ്സ് മാത്രമാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍ന്റെ പ്രായം 17 ഉം. 29 കാരനായ തമിഴ് താരം അധിപന്‍ ഭാസ്‌കരനാണ് ടീമിലെ 'വയസ്സന്‍'. ഒരു പക്ഷെ ചെസ്സ് ഒളിമ്പ്യാഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ടീം ആയിരിക്കണം അത്. ആ ടീമിനെയാണ് താന്‍ ഏറ്റവും താല്‍പര്യപ്പെടുന്നത് എന്നാണ് ഭാരത് സിംഗ് ചൗഹാന്‍ പറഞ്ഞത്. ഈ ടീം ഒളിമ്പ്യാഡിലെ കറുത്ത കുതിരകളായി മാറിയാല്‍ ആരും അതില്‍ അത്ഭുതപ്പെടേണ്ടതില്ല. അത്രക്ക് പ്രതിഭാധനരായ പോരാളികളാണ് ഇതിലെ യുവതാരങ്ങള്‍.

ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഭാരതടീമുകള്‍ ഗംഭീരനേട്ടങ്ങള്‍കൈവരിക്കുന്നപക്ഷം അത് നമ്മുടെ രാജ്യത്ത് വലിയൊരു ചെസ്സ് വിപ്ലവത്തിന് തിരി കൊളുത്തും എന്നതില്‍ സംശയമില്ല.


ഇന്ത്യന്‍ ടീമുകള്‍:

ഇന്ത്യന്‍ എ ടീം

ഗ്രാന്‍ഡ് മാസ്റ്റര്‍ വിദിത് ഗുജറാത്തി (മഹാരാഷ്ട്ര)
ഗ്രാന്‍ഡ് മാസ്റ്റര്‍ പെന്റാല ഹരികൃഷ്ണ (ആന്ധ്രപ്രദേശ്)
ഗ്രാന്‍ഡ് മാസ്റ്റര്‍ അര്‍ജുന്‍ എറിഗൈസി (തെലങ്കാന)
ഗ്രാന്‍ഡ് മാസ്റ്റര്‍ എസ് എല്‍ നാരായണന്‍ (കേരളം)
ഗ്രാന്‍ഡ് മാസ്റ്റര്‍ കൃഷ്ണന്‍ ശശികിരണ്‍ (തമിഴ് നാട്)

ബി ടീം

ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍ (കേരളം)
ഗ്രാന്‍ഡ് മാസ്റ്റര്‍ ഗുകേഷ് ഡി (തമിഴ് നാട്)
ഗ്രാന്‍ഡ് മാസ്റ്റര്‍ അധിപന്‍ ബി (തമിഴ് നാട്)
ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദ ആര്‍ (തമിഴ് നാട്)
ഗ്രാന്‍ഡ് മാസ്റ്റര്‍ റൗണക് സാധ്വാനി (മഹാരാഷ്ട്ര)

സി ടീം

ഗ്രാന്‍ഡ് മാസ്റ്റര്‍ സൂര്യ ശേഖര്‍ ഗാംഗുലി (ബംഗാള്‍)
ഗ്രാന്‍ഡ് മാസ്റ്റര്‍ കാര്‍ത്തികേയന്‍ മുരളി (തമിഴ് നാട്)
ഗ്രാന്‍ഡ് മാസ്റ്റര്‍ എസ് പി സേതുരാമന്‍ (തമിഴ് നാട്)
ഗ്രാന്‍ഡ് മാസ്റ്റര്‍ അഭിജിത് ഗുപ്ത (രാജസ്ഥാന്‍)
ഗ്രാന്‍ഡ് മാസ്റ്റര്‍ അഭിമന്യു പുരാണിക് (മഹാരാഷ്ട്ര)

വനിതാ എ ടീം

ഗ്രാന്‍ഡ് മാസ്റ്റര്‍ കൊനേരു ഹംപി (ആന്ധ്രപ്രദേശ്)
ഗ്രാന്‍ഡ് മാസ്റ്റര്‍ ഹരിക ദ്രോണവല്ലി (ആന്ധ്രപ്രദേശ്)
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ആര്‍ വൈശാലി (തമിഴ് നാട്)
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ തനിയ സച്ദേവ് (ദില്ലി)
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഭക്തി കുല്‍ക്കര്‍ണി (ഗോവ)

വനിതാ ബി ടീം

ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ സൗമ്യ സ്വാമിനാഥന്‍ (തമിഴ്‌നാട്)
വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ മേരി ആന്‍ ഗോമസ് (ബംഗാള്‍)
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദ്മിനി റാവത് (ഒറീസ)
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ വന്തിക അഗര്‍വാള്‍ (ദില്ലി)
ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖ് (മഹാരാഷ്ട്ര)

Content Highlights: chess olympiad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented