ചെന്നൈ: കാലിക്കറ്റ് ഹീറോസിനെ ഏകപക്ഷീമായ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്ത് ചെന്നൈ സ്പാര്‍ട്ടന്‍സിന് പ്രഥമ പ്രോ വോളി കിരീടം. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമില്‍ കളിച്ച കാലിക്കറ്റ് ഹീറോസിന്റെ നിഴലുമാത്രമായിരുന്നു ഇന്ന് ചെന്നൈയില്‍ കണ്ടത്.

ഹോം ഗ്രൗണ്ടായ ജവാഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കാണികളുടെ പിന്തുണ ചെന്നൈ നന്നായി മുതലാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അവര്‍ കാലിക്കറ്റ് ഹീറോസിനെ തകര്‍ത്തത്. ആദ്യ മൂന്നു സെറ്റുകളും സ്വന്തമാക്കി ചെന്നൈ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 11-15, 12-15, 14-16.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാത്ത ടീമായിരുന്നു കാലിക്കറ്റ് ഹീറോസ്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു കളികള്‍ തോറ്റ ടീമാണ് ചെന്നൈ. 

ടൂര്‍ണമെന്റിലെ തന്നെ രണ്ടാമത്തെ മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരേ നാലു സെറ്റുകള്‍ക്ക് കാലിക്കറ്റിനായിരുന്നു വിജയം. എന്നാല്‍ വെള്ളിയാഴ്ച ജെറോം വിനീത്, പോള്‍ ലോട്ട്മാന്‍, അജിത്ത് ലാല്‍ എന്നിവര്‍ നിറം മങ്ങിയപ്പോള്‍ കാലിക്കറ്റിന് ജയം കൈവിട്ടു. 

യു മുംബൈയെ ഏകപക്ഷീമായ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു കാലിക്കറ്റ് ഹീറോസിന്റെ ഫൈനല്‍ പ്രവേശനം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈ സ്പാര്‍ട്ടന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ കൊച്ചിക്കെതിരേ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ചെന്നൈയുടെ റൂഡി വെര്‍ഹോഫ്, റസ്ലാന്‍സ് സൊറോക്കിന്‍സ് എന്നിവര്‍ ഫൈനലിലും അതേ മികവ് ആവര്‍ത്തിച്ചു.

Content Highlights: chennai spartans beat calicut heros wins pro volleyball league final