ചെന്നൈ: പ്രഥമ പ്രോ വോളി ലീഗിലെ കലാശപ്പോരാട്ടത്തില്‍ കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാര്‍ട്ടന്‍സും ഏറ്റുമുട്ടും. ചെന്നൈ ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് മത്സരം. 

ഫൈനലിന് മുന്നോടിയായി വനിതാ താരങ്ങളുടെ സൗഹൃദമത്സരവുമുണ്ട്. ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെ ഇറങ്ങുന്ന കാലിക്കറ്റിന് മുന്‍തൂക്കമുണ്ട്. എന്നാല്‍, ലീഗ് മത്സരത്തില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ചെന്നൈ കടുത്ത വെല്ലുവിളി ഉയര്‍ത്തും.

ഇതുവരെ മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസം ഫൈനലില്‍ പ്രതിഫലിക്കുമെന്നും കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ആവര്‍ത്തിച്ച് കിരീടം സ്വന്തമാക്കാനാവുമെന്നും കാലിക്കറ്റ് നായകന്‍ ജെറോം വിനീത് പറഞ്ഞു. വന്‍ വെല്ലുവിളികള്‍ നേരിട്ട് ഫൈനല്‍വരെയെത്തിയ തങ്ങള്‍ കപ്പ് സ്വന്തമാക്കാന്‍ ഉറച്ചുതന്നെയാണ് ഇറങ്ങുന്നതെന്ന് ചെന്നൈ നായകന്‍ ഷെല്‍ട്ടണ്‍ മോസസ് പറഞ്ഞു. ''കാലിക്കറ്റ് മികച്ച ടീമാണ്. എന്നാല്‍, ഞങ്ങള്‍ക്ക് ജയിച്ചേ മതിയാകൂ'' -മോസസ് കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിലെതന്നെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ലീഗില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കാണ് കാലിക്കറ്റ് വിജയിച്ചത്. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നത് ചെന്നൈയ്ക്ക് ഗുണകരമാവും. എന്നാല്‍, അനായാസ വിജയങ്ങളുമായി ഇത്രവരെയെത്തിയ കാലിക്കറ്റിനെ പിടിച്ചുകെട്ടുക എളുപ്പമല്ല. ജെറോം വിനീത്, പോള്‍ ലോട്മാന്‍, അജിത്ത് ലാല്‍ എന്നിവര്‍ മികച്ച ഫോമിലാണ്. സെമിയില്‍ കൊച്ചിക്കെതിരേ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ചെന്നൈയുടെ റൂഡി വെര്‍ഹോഫ്, റസ്ലാന്‍സ് സൊറോക്കിന്‍സ് എന്നിവര്‍ മികവ് ആവര്‍ത്തിച്ചാല്‍ തീപാറും പോരാട്ടം ഉറപ്പ്.

Content Highlights: calicut heros chennai spartans pro volleyball league final