ന്യൂഡല്‍ഹി:  അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രഖ്യാപിച്ചുള്ള ടീം ഇത്തവണ കിരീടം നേടാനുറച്ച് തന്നെയാണ് ഇറങ്ങുക. ഏഴു യുവതാരങ്ങളാണ്‌ ടീമിലുള്ളത്.

മലേഷ്യയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ പാകിസ്താന്‍ കളിക്കില്ല. ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകളുടെ എണ്ണം ആറായി കുറച്ചിട്ടുണ്ട്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക ഓസ്‌ട്രേലിയയാണ്. 

പ്രതിരോധ താരം ഗുരീന്ദര്‍ സിങ്ങും മധ്യനിര താരങ്ങളായ സുമിതും മന്‍പ്രീതും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും. മൂന്നു പേരും കഴിഞ്ഞ ഡിസംബറില്‍ ജൂനിയര്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ ടീമംഗങ്ങളാണ്. ഏപ്രില്‍ 24ന് തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട്, ജപ്പാന്‍, ന്യൂസിലന്‍ഡ്, മലേഷ്യ എന്നീ ടീമുകളും മാറ്റുരക്കും.