Photo: twitter.com|AustralianOpen
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ ജപ്പാന്റെ നവോമി ഒസാക്ക അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിടും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ഫൈനല്‍. പുരുഷവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് ഫൈനലില്‍ കടന്നു.
അമേരിക്കയുടെ സെറീനാ വില്യംസിന്റെ 24-ാം ഗ്രാന്‍ഡ്സ്ലാമെന്ന മോഹം തകര്‍ത്താണ് നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകളില്‍ ജയിച്ചുകയറിയത് (6-3, 6-4). മികച്ച ഫോമിലുള്ള ജപ്പാന്‍ താരത്തിനെതിരേ കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ സെറീനയ്ക്ക് കഴിഞ്ഞില്ല. 2019ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച ഒസാക്ക ഇക്കുറി നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്നു. മറ്റൊരു സെമിയില്‍ ബ്രാഡി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ തോല്‍പ്പിച്ചു (6-4, 3-6, 6-4).
ആദ്യസെറ്റ് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റില്‍ മുച്ചോവ ശക്തമായി തിരിച്ചടിച്ചു. നിര്‍ണായക മൂന്നാം സെറ്റും മത്സരവും നേടി ബ്രാഡി കിരീടപോരാട്ടത്തിന് അര്‍ഹതനേടി. ആദ്യമായാണ് ബ്രാഡി ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്.
പുരുഷവിഭാഗത്തില്‍ അനായാസ ജയത്തോടെയാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. യോഗ്യതാ റൗണ്ട് കടന്നെത്തിയ റഷ്യന്‍ താരം അസ്ലന്‍ കറത്സേവിനെ തോല്‍പ്പിച്ചു (6-3, 6-4, 6-2). ഒമ്പതാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ഇന്ന് നടക്കുന്ന മെദ്വെദേവ്-സിറ്റ്‌സിപാസ് മത്സരത്തിലെ വിജയിയെ ജോക്കോവിച്ച് ഫൈനലില്‍ നേരിടും.
Content Highlights: Australian Open Women Final 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..