Photo: AFP
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നാലാം സീഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രെ റുബ്ലേവും പ്രീക്വാര്‍ട്ടറില്‍ കടന്നു.
മൂന്നാം റൗണ്ട് മത്സരങ്ങളില്‍ ജോക്കോവിച്ച് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെയും (7-6, 6-3, 6-4) റുബ്ലേവ് ബ്രിട്ടന്റെ ഡാനിയേല്‍ ഇവാന്‍സിനെയും (6-4, 6-2, 6-3) തോല്‍പ്പിച്ചു. ഇടതുകാലിനേറ്റ പരിക്ക് അതിജീവിച്ചായിരുന്നു ജോക്കോവിച്ചിന്റെ മുന്നേറ്റം. മത്സരത്തിനിടെ രണ്ട് തവണ അദ്ദേഹത്തിന് വൈദ്യസഹായം തേടേണ്ടിവന്നു. ഇത് 15-ാം തവണയാണ് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്.
അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മറെ മൂന്നാം റൗണ്ടില്‍ പുറത്തായി. സ്പാനിഷ് താരം റോബര്‍ട്ടോ ബോട്ടിസ്റ്റയാണ് മറെയെ വീഴ്ത്തിയത് (6-1, 6-7, 6-3, 6-4). ഡെന്മാര്ക്കിന്റെ ഹോള്‍ജര്‍ റൂണെ, ഓസ്ട്രേലിയയുടെ അലക്സ് മിനൗര്‍, അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍, ടോമി പോള്‍, ജെഫ്രി വോള്‍ഫ് എന്നിവരും പ്രീക്വാര്‍ട്ടറിലെത്തി.
വനിതാവിഭാഗത്തില്‍ ബെലറൂസിന്റെ ആര്യാന സബലേങ്ക, ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവ, ഫ്രാന്‍സിന്റെ കരോളിന് ഗാര്‍സിയ, സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ച് എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി. സബലേങ്ക ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സിനെയും (6-2, 6-3) പ്ലിസ്കോവ റഷ്യയുടെ വാര്‍വറ ഗ്രച്ചേവയെയും (6-4, 6-2) ഗാര്‍സിയ ജര്‍മനിയുടെ ലോറ സീജ്മുണ്ടിനെയും (1-6, 6-3, 6-3) ബെന്‍സിച്ച് ഇറ്റലിയുടെ കാമില ജിയോര്‍ജിയെയും (6-2, 7-5) തോല്‍പ്പിച്ചു. ചൈനയുടെ ഷാങ് ഷുയി, ക്രൊയേഷ്യയുടെ ഡോണ വെകിച്ച്, ചെക്ക് റിപ്പബ്ലിക്കിന്റെ ലിന്‍ഡ ഫ്രൂവിര്ത്തോവ എന്നിവരും മൂന്നാം റൗണ്ട് ജയം നേടി.
Content Highlights: Australian Open 2023 Novak Djokovic beats Grigor Dimitrov to reach the fourth round
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..