മസ്‌ക്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യയേയും പാകിസ്താനേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു.

ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരമാണ് കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. നേരത്തേ പ്രാഥമിക റൗണ്ടില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പാകിസ്താനെ തകര്‍ത്തിരുന്നു.

ഇരു ടീമുകളുടേയും മൂന്നാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയെന്ന റെക്കോഡും ഇതോടെ ഇരുവരും പങ്കിട്ടു. 2011-ല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യയും പാകിസ്താനും മാത്രമേ കിരീടം നേടിയിട്ടുള്ളൂ. 

Asian Champions Trophy Hockey India and Pakistan declared joint winners

ജപ്പാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. മലേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് പാകിസ്താന്‍ ഫൈനലിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 4-4-നു സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ പാകിസ്താന്‍ 3-1-നു ജയിക്കുകയായിരുന്നു.

ഇന്ത്യയുടെ മലയാളി താരവും മുന്‍ നായകനുമായിരുന്ന പി. ആര്‍ ശ്രീജേഷ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകളുള്‍പ്പെട്ട പൂളില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലേക്കു യോഗ്യത നേടിയത്. അഞ്ചു മത്സരങ്ങളില്‍ നാലും ജയിച്ച ഇന്ത്യ ഒന്നില്‍ സമനില വഴങ്ങി.

Content Highlights: Asian Champions Trophy Hockey India and Pakistan declared joint winners