ബോക്‌സിങ് റിങ്ങില്‍ എതിരാളികളെ സര്‍വ്വ ശക്തിയുമെടുത്ത് ഇടിച്ചു നിരത്തി മെഡല്‍ പോഡിയത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന ഒരു കാലം അയാള്‍ക്കുണ്ടായിരുന്നു. ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍മെഡല്‍ ഇടിച്ചിട്ട ആ താരത്തിന് നാഷണല്‍ ഹീറോ ആകാനും യുവാക്കളുടെ റോള്‍ മോഡലാകാനും അധിക കാലം കാത്തിരിക്കേണ്ടി വന്നിട്ടില്ല. പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും അദ്ദേഹത്തെ ആദരിച്ചു. മണിപ്പൂരില്‍ നിന്നുള്ള ബോക്‌സര്‍ ഡിങ്കോ സിങ്ങാണ് ഒരു കാലത്ത് ഇന്ത്യയുടെ ഹൃദയ തുടിപ്പായിരുന്ന ആ താരം.

എന്നാല്‍ കാലം കടന്നു പോയതോടെ ഡിങ്കോ സിങ്ങിനെയും എല്ലാവരും മറന്നു പോയി. റിങ്ങുകളില്‍ പുതിയ താരോദയങ്ങളുണ്ടാകുകയും ചെയ്തു. അന്നത്തെ ആ ഡിങ്കോ സിങ്ങ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പക്ഷേ, അത് നേട്ടത്തിന്റെ വെള്ളിവെളിച്ചവുമായല്ല, മറിച്ച് ദുരിതത്തിന്റെ നേര്‍ക്കാഴ്ച്ചയുമായാണ്. 

കരളിന് അര്‍ബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലാണ് മുപ്പത്തിയെട്ടുകാരനായ ഡിങ്കോ സിങ്ങ്. ജനുവരിയുടെ തുടക്കത്തില്‍ ശസ്ത്രക്രിയക്ക് വിധേയനായ 38-കാരന്റെ കരളിന്റെ 70 ശതമാനവും നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. 

ചികിത്സക്ക് പണം കണ്ടെത്താനായി ഇംഫാലിലെ വീട് വരെ വിറ്റുവെന്ന് ഡിങ്കോയുടെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ ബബായ് നാന്‍ഗോം പറയുന്നു.  ''ഇതുവരെ ഗവണ്‍മെന്റില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ ചികിത്സക്കായി 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. ഇനി എന്തു ചെയ്യുമെന്ന് അറിയില്ല''ബബായ് നാന്‍ഗോം വ്യക്തമാക്കി.

ജനുവരി 26ന് ആശുപത്രി വിട്ട ഡിങ്കോ സിങ്ങ് ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. സായിയില്‍ നിന്ന് ലഭിച്ച 50,000 രൂപയാണ് ഇതുവരെ കിട്ടിയ സഹായം. കഴിഞ്ഞ വര്‍ഷം നവംബറില് എയിംസില്‍ ചികിത്സിക്കായി ഡിങ്കോ സിങ്ങ് എത്തിയിരുന്നെങ്കിലും ആവശ്യമുള്ള പണമില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ പറഞ്ഞയച്ചിരുന്നു. അത് വിവാദമായതോടെ ഡിങ്കോ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ബെഡ് പോലും നല്‍കിയില്ലെന്ന് ഭാര്യ പറയുന്നു.