Photo: twitter.com/TheHockeyIndia
ജക്കാര്‍ത്ത: ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്‌ക്കെതിരേ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാകിസ്താന്‍ സമനില ഗോള്‍ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി കാര്‍ത്തി സെല്‍വവും പാകിസ്താന് വേണ്ടി അബ്ദുള്‍ റാണയും ലക്ഷ്യം കണ്ടു.
മത്സരം തുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. 20 കാരനായ കാര്‍ത്തി സെല്‍വം പെനാല്‍ട്ടി കോര്‍ണറിലൂടെയാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ താരത്തിന് കഴിഞ്ഞു. പിന്നീടുള്ള രണ്ട് ക്വാര്‍ട്ടറുകളിലും ഇന്ത്യ 1-0 ന്റെ ലീഡ് കാത്തുസൂക്ഷിച്ചു.
Also Read
എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ അബ്ദുള്‍ റാണ പാകിസ്താന് വേണ്ടി സമനില ഗോള്‍ നേടി. വൈകാതെ മത്സരം സമനിലയില്‍ കലാശിച്ചു.
പൂള്‍ എ യിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ജപ്പാന്‍, ആതിഥേയരായ ഇന്‍ഡൊനീഷ്യ എന്നിവരും പൂള്‍ എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പൂള്‍ ബിയില്‍ മലേഷ്യ, കൊറിയ, ഒമാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ മാറ്റുരയ്ക്കും.
നായകന്‍ രൂപീന്ദര്‍ പാല്‍ സിങ്ങിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പരിക്കേറ്റ രൂപീന്ദറിന് ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നഷ്ടമാകും. രൂപീന്ദറിന് പകരം ബീരേന്ദ്ര ലാക്രയാണ് ഇന്ത്യയെ നയിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..