ആഷ്ലി ബാർട്ടി |ഫോട്ടോ:AFP
കാന്‍ബെറ: കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്‌ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. വെറും 25 വയസ് മാത്രമാണ് പ്രായമുള്ളത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
'എനിക്ക് കൂടുതല്‍ ഒന്നും നല്‍കാനില്ലെന്ന് എനിക്ക് ശാരീരികമായി അറിയാം... ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്' വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അവര്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ബുദ്ധിമുട്ടേറിയതെന്നാണ് തന്റെ തീരുമാനത്തെ കുറിച്ച് വികാരാധീനയായി ആഷ്‌ലി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത്.
തന്റെ പ്രയാണത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, ഒരുമിച്ച് സൃഷ്ടിച്ച ആജീവനാന്ത ഓര്‍മ്മകള്‍ക്ക് ഞാന്‍ എപ്പോഴുംനന്ദിയുള്ളവളായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
.jpg?$p=0fa57e0&&q=0.8)
2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം . 44 വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരി എന്ന നേട്ടവും ജനുവരിയില്‍ അവര്‍ സ്വന്തമാക്കി.
2019-ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021-ല്‍ വിംബിള്‍ഡണ്‍, 2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട്.
Content Highlights: Ashleigh Barty bombshell as Aussie world No. 1 retires from tennis, aged 25
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..