മെല്‍ബണ്‍: ലോക ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുമായി ഇന്ത്യന്‍ താരത്തിന് ചരിത്രനേട്ടം. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ വനിതകളുടെ വോള്‍ട്ടില്‍ വെങ്കലം നേടി അരുണ ബുദ്ധ റെഡ്ഡിയാണ് ഇന്ത്യയുടെ അഭിമാനമായത്. 13.699 സ്‌കോര്‍ നേടിയാണ് അരുണ മൂന്നാമതെത്തിയത്. 

സ്ലൊവാനിയയുടെ ജാസ കിസെല്‍ഫ് സ്വര്‍ണവും ഓസ്‌ട്രേലിയയുടെ എമിലി വൈറ്റ്‌ഹെഡ് വെള്ളിയും നേടി. അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ പ്രണതി നായകിന് ആറാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു.

ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത് ആശിഷ് കുമാറാണ്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആശിഷ് വെങ്കലം നേടിയിരുന്നു. അതിനുശേഷം ദിപ കര്‍മാക്കറിലൂടെ ഇന്ത്യ വീണ്ടും ലോകശ്രദ്ധയാകര്‍ഷിച്ചു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വോള്‍ട്ടില്‍ വെങ്കലം നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ദിപ മാറി. 

കൂടാതെ 2016 റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദിപ നാലാം സ്ഥാനത്തെത്തി. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദിപ നേടിയിരുന്നു.

Content Highlights: Aruna Budda Reddy Wins Bronze At 2018 Gymnastics World Cup