സിംഗപ്പൂര്‍: മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് (എംഎംഎ) റിങ്ങില്‍  ഇന്ത്യന്‍ വംശജന്‍ അര്‍ജന്‍ ഭുള്ളറുടെ പഞ്ചിലൂടെ പിറന്നത് ചരിത്രം. നിലവിലെ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ബ്രണ്ടന്‍ വേരയെ നോക്കൗട്ടിലൂടെ അട്ടിമറിച്ച് അര്‍ജുന്‍ ഭുള്ളര്‍ എംഎംഎ ലോകകിരീടത്തില്‍ മുത്തമിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഭുള്ളര്‍. 'വണ്‍: ദംഗല്‍' പോരാട്ടത്തിന്റെ രണ്ടാം റൗണ്ടില്‍ തന്നെ ഭുള്ളര്‍ വിജയിച്ചു.

ഫിലിപ്പീൻസുകാരനായ വേരയുടെ പരിചയസമ്പത്ത് ഭുള്ളര്‍ക്ക് മുന്നില്‍ വിലപ്പോയില്ല. ആദ്യ റൗണ്ടില്‍ വേരയുടെ പഞ്ചുകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ഭുള്ളര്‍ രണ്ടാം റൗണ്ടില്‍ എതിരാളിയെ ഇടിച്ചിട്ടു. ഇന്ത്യന്‍ താരത്തിന്റെ പഞ്ചില്‍ എതിരാളി നിലംപതിച്ചു. 

ഗോദയില്‍ വീണ വേര എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതിന് അനുവദിക്കാതെ ഭുള്ളറുടെ തുടര്‍ച്ചയായ ഇടികള്‍. ഒടുവില്‍ പ്രയാസപ്പെട്ട് വേര എഴുന്നേറ്റെങ്കിലും വീണ്ടും താഴെവീണു. തുടര്‍ന്ന് റഫറി മത്സരം നിര്‍ത്തി. ടെക്‌നിക്കല്‍ നോക്കൗട്ടിലൂടെ ഭുള്ളര്‍ ജേതാവായി.

എംഎംഎയില്‍ മൂന്നു കിരീടം നേടിയ താരമാണ് ഫിലിപ്പീന്‍സ് വംശജനായ ബ്രണ്ടന്‍ വേര. എന്നാല്‍ അര്‍ജന്‍ ഭുള്ളറുടെ മല്ലയുദ്ധ പശ്ചാത്തലം അദ്ദേഹത്തെ തുണക്കുകയായിരുന്നു. ബോക്‌സിങ്ങും ഗുസ്തിയും ഒന്നിക്കുന്ന എംഎംഎയുടെ ഏഷ്യയിലെ പ്രധാനപ്പെട്ട പോരാട്ടവേദിയാണ് സിംഗപ്പൂര്‍. 

Content Highlights: Arjan Bhullar becomes first Indian origin fighter to win world title at top level MMA event