ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ ഉറപ്പായി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് അമിത് പംഗലും മനീഷ് കൗഷിക്കും സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യയ്ക്ക് മെഡല്‍ ഉറച്ചത്.

അമിത് പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തിലും മനീഷ് 63 കിലോഗ്രാം വിഭാഗത്തിലുമാണ് അവസാന നാലിലെത്തിയത്. ഇരുവരുടെയും ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലായിരിക്കും ഇത്.

രണ്ടാം സീഡായ അമിത് ഫലിപ്പീന്‍സിന്റെ കാര്‍ലോ പാലമിനെ തോല്‍പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍: 4-1. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസ് സെമിയിലും അമിത് പാലമിനെ തോല്‍പിച്ചിരുന്നു.

മനീഷ് 63 കിലോഗ്രാം വിഭാഗത്തില്‍ ബ്രസീലിന്റെ വാര്‍ഡേര്‍സണെയാണ് ഏകപക്ഷീയമായ പോരാട്ടത്തില്‍ തോല്‍പിച്ചത്. സ്‌കോര്‍: 5-0.

കസാക്കിസ്താന്റെ സാകെന്‍ ബിബോസ്സിനോവാണ് സെമിയില്‍ അമിതിന്റെ എതിരാളി. യൂറോപ്പ്യന്‍ ചാമ്പ്യനും ആറാം സീഡുമായ അര്‍മേനിയയുടെ ആര്‍തര്‍ ഹൊവനിസ്യനെ തോല്‍പിച്ചാണ് സാകെന്‍ സെമിയിലെത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച അമിത് ക്വാര്‍ട്ടര്‍ഫൈലില്‍ ലോകചാമ്പ്യന്‍ ഹസന്‍ബോയ് ദുസ്മതോവിനോട് തോറ്റ് പുറത്തായിരുന്നു.

Content Highlights: Amit Panghal, Manish Kaushik Advance To Semi-Final of World Boxing Championship, Assures India Medal